സുൽത്താന് ഫൈസൽ ബിൻ തുർക്കി ബോയ്സ് സ്കൂളിൽ വരവേൽപ്
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത് വിലായത്തിലുള്ള സുൽത്താൻ ഫൈസൽ ബിൻ തുർക്കി ബോയ്സ് സ്കൂൾ സന്ദർശിച്ചു. വിദ്യാഭ്യാസ പ്രക്രിയയുടെ പുരോഗതിയും സ്കൂൾ വിദ്യാർഥികളുടെ വൈജ്ഞാനികവും ബോധപരവുമായ വശങ്ങളെ സമ്പന്നമാക്കുന്നതിന് നടപ്പിലാക്കുന്ന ആധുനിക പരിപാടികൾ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.
സുൽത്താനെ വിദ്യാഭ്യാസ മന്ത്രിയും മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സുൽത്താനെ സ്വാഗതം ചെയ്തു വിദ്യാർഥികളിലൊരാൾ കവിതയും ആലപിച്ചു. ഒരു വിദ്യാർഥി അവതരിപ്പിച്ച സ്കൂളിന്റെ ഒരു ഹ്രസ്വ അവലോകനം സുൽത്താൻ ശ്രദ്ധിച്ചു. അതിനുശേഷം അദ്ദേഹം സ്കൂളിന്റെ ഡിപ്പാർട്ട്മെന്റുകളിലും സൗകര്യങ്ങളിലും പര്യടനം നടത്തി. ക്ലാസ് മുറികളിലും പഠന കേന്ദ്രങ്ങളിലും ലബോറട്ടറിയിലും ചില ക്ലാസുകളിൽ പങ്കെടുത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാമ്പത്തിക സംസ്കാരം, സംരംഭകത്വം, തൊഴിലധിഷ്ഠിത, സാങ്കേതിക വിദ്യാഭ്യാസ പാതകളിൽ സ്കൂൾ വിദ്യാർഥികൾ നടപ്പാക്കിയ മാതൃകകളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ച പ്രദർശനത്തെക്കുറിച്ചും സുൽത്താന് വിവരിച്ചു. ഫൈൻ ആർട്സ് ഹാളിൽ നടന്ന വർക്ക്ഷോപ്പിലും സ്പോർട്സ് ക്ലാസിലും സുൽത്താൻ പങ്കെടുത്തു. മസ്കത്ത് ഗവർണറേറ്റിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ഒരു കൂട്ടം അധ്യാപകരുമായും വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്തുകയും വിദ്യാഭ്യാസ മേഖലയിലെ അവരുടെ സംരംഭങ്ങളും നേട്ടങ്ങളും അഭിപ്രായങ്ങളും കേൾക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.