സുൽത്താന് തുർക്കിയയിൽ ഊഷ്മള വരവേൽപ്പ്
text_fieldsമസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് തുർക്കിയയിൽ ഊഷ്മള വരവേൽപ്പ്. അങ്കാറയിലെ എസെൻബോഗ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയ സുൽത്താനെയും പ്രതിനിധി സംഘത്തെയും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പിന്നീട്, സുൽത്താനെ ഔദ്യോഗിക സ്വീകരണ ചടങ്ങുകളോടെ പ്രസിഡൻഷ്യൽ കോംപ്ലക്‌സിലേക്ക് ആനിയിച്ചു. അതിനുശേഷം, തുർക്കിയ പ്രസിഡൻ്റിൻ്റെ അകമ്പടിയോടെ സുൽത്താൻ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.
സുൽത്താന്റെ സന്ദർശനം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്ക് ഉപഭയകക്ഷി ബന്ധം വ്യാപിക്കുന്നതിനും സഹായകമാകും. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ സഹകരണങ്ങളും പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറി. സുൽത്താനെ അനുഗമിക്കുന്ന പ്രതിനിധി സംഘം തുർക്കിയയിലെ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, സയ്യിദ് നബീഗ് ബിന്‍ തലാല്‍ അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സലയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയര്മാന് അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്, തുര്‍ക്കിയിലെ ഒമാന്‍ സ്ഥാനപതി സൈഫ് ബിന്‍ റാശിദ് അല്‍ ജൗഹരി എന്നിവരാണ് സുൽത്താനെ അനുഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.