സുൽത്താൻ ഹൈതം സിറ്റി: 200 ദശലക്ഷം റിയാലിന്റെ കരാറുകൾ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അർബൻ ഒക്ടോബർ കോൺഫറൻസിൽ സുൽത്താൻ ഹൈതം സിറ്റിക്കായി നിരവധി കരാറുകളിൽ ഒപ്പുവെച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന വാർഷിക പരിപാടി ബുധനാഴ്ച വരെ നീണ്ടുനിൽക്കും.
കോൺഫറൻസിൽ 200 മില്യൺ ഡോളറിലധികം മൂല്യമുള്ള കരാറുകളിൽ ആണ് ഒപ്പുവെച്ചത്. സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ടത്തിൽ മൊത്തം നിക്ഷേപം 70 ദശലക്ഷം റിയാലിൽ കൂടുതലുള്ള ആറ് പങ്കാളിത്തവും സഹകരണ കരാറുകളും ഒപ്പുവെച്ചു.
കൂടാതെ, വൈദ്യുതി, വെള്ളം, മലിനജലം, ടെലികമ്യൂണിക്കേഷൻ എന്നിവയുൾപ്പെടെ അവശ്യസേവനങ്ങൾക്കായി 82.7 ദശലക്ഷത്തിലധികം റിയാൽ മൂല്യമുള്ള നെറ്റ്വർക്കുകൾ സ്ഥാപിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തു.
ബന്ധപ്പെട്ട റെഗുലേറ്ററി അതോറിറ്റികളുടെ പിന്തുണയോടെ അടുത്ത 24 മാസത്തിനുള്ളിൽ ടവൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഈ പദ്ധതി നടപ്പാക്കും. പ്രധാന റോഡുകൾ, തുരങ്കങ്ങൾ, കലുങ്കുകൾ എന്നിവയുടെ നിർമാണത്തിനായി സരോജ് കൺസ്ട്രക്ഷൻ കമ്പനി 63.2 ദശലക്ഷം റിയാലിനും കരാറിലായി.
30 മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നാണ് വ്യവസ്ഥ. ആറ് ദശലക്ഷം റിയാൽ മൂല്യമുള്ള പദ്ധതിയിൽ മൂന്ന് ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ വികസിപ്പിക്കും. അൽ ഫാനിയ ഒമാൻ കമ്പനി നിയന്ത്രിക്കുന്ന ഈ പദ്ധതിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിന്റെ ആറ് ദശലക്ഷത്തിലധികം റിയാൽ മൂല്യമുള്ള അൽ ബിർ, അൽ ഇഹ്സാൻ പദ്ധതികളുടെ ഭാഗമായി സംയോജിത സേവന സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.
റെസിഡൻഷ്യൽ ഡിസ്ട്രിക്ട് നമ്പർ 17ൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവിസസ് ഫൗണ്ടേഷന് വേണ്ടി 8,000 ചതുരശ്രമീറ്ററിൽ കൂടുതൽ ഭൂമി അനുവദിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പവെച്ചു. സുൽത്താൻ ഹൈതം സിറ്റിക്കുള്ളിലെ സ്മാർട്ട് സിറ്റികൾക്കായുള്ള സാങ്കേതിക ചട്ടക്കൂട് വികസിപ്പിക്കാൻ സഹകരണ കരാറും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.