സുൽത്താൻ ഹൈതം സിറ്റി; ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ഏഴ് ദശലക്ഷം റിയാലിന്റെ കരാർ
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സ്ട്രാബാഗ് ഒമാൻ കമ്പനിയുമായി ഭവന, നഗരാസൂത്രണ മന്ത്രാലയം കരാർ ഒപ്പുവെച്ചു. ഏഴ് ദശലക്ഷം റിയാലിന്റെ കരാറിൽ, റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും വാദികളിലൂടെയുള്ള മഴവെള്ള പാതകൾ സ്ഥാപിക്കുന്നതിനും സെൻട്രൽ പാർക്കിനോടുചേർന്നുള്ള പ്രദേശം വികസിപ്പിക്കൽ എന്നിവയാണ് വരുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആദ്യ ഘട്ടം ഡിസംബർ 28ന് ആരംഭിച്ച് മൂന്നു മാസംകൊണ്ടു പൂർത്തിയാക്കും. 1.6 ദശലക്ഷം ചതുരശ്ര മീറ്റർ സെൻട്രൽ പാർക്ക് സ്ഥാപിക്കൽ, മൊത്തം 35 കിലോമീറ്റർ വിസ്തൃതിയിൽ മറ്റുഘടകങ്ങൾ ഒരുക്കൽ എന്നിവ ഇതിലുൾപ്പെടും.
ആധുനിക സൗകര്യങ്ങളടങ്ങിയ ‘സുൽത്താൻ ഹൈതം സിറ്റി’ സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2,900,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ നഗരം 20,000 ഭവന യൂനിറ്റുകളിലായി 100,000 പേർക്കു താമസസൗകര്യം നൽകും.
2.9 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്സ്കേപ്പുകൾ, 19 സംയോജിത അയൽപക്കങ്ങൾ (ടൗൺഹൗസുകൾ, അപ്പാർട്ട്മെന്റുകൾ മുതലായവ), വാണിജ്യ-അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ, 25 മസ്ജിദുകൾ, 39 സ്കൂളുകൾ, ഒരു റഫറൽ ഹോസ്പിറ്റലു ൾപ്പെടെ 11 ആരോഗ്യ സൗകര്യങ്ങൾ, കായിക സൗകര്യങ്ങൾ, ഒരു യൂനിവേഴ്സിറ്റി, സെൻട്രൽ പാർക്ക്, വിശാലമായ നടപ്പാത, മാലിന്യത്തിൽനിന്ന് ഊർജ ഉൽപാദനം, വൈദ്യുതിക്കായി സൗരോർജം, മലിനജല സംസ്കരണം തുടങ്ങിയവ ഈ സിറ്റിയുടെ സവിശേഷതകളായിരിക്കും. സുസ്ഥിര നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒമാനിലെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള പുത്തൻ ചുവടുവെപ്പുകൂടിയാണ് ഹൈതം സിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.