സുൽത്താൻ ഹൈതം സിറ്റി; വരുന്നത് നൂതന സൗകര്യങ്ങളോടെയുള്ള സ്കൂളുകൾ
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതംസിറ്റിയിലെ സ്കൂളുകളുടെ ഡിസൈൻ സ്പെസിഫിക്കേഷനുകൾ ഭവന, നഗരാസൂത്രണ മന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസ ഇടങ്ങൾ, സേവന സൗകര്യങ്ങൾ, കേന്ദ്ര ഹരിത മേഖലകൾ എന്നിവ സംയോജിപ്പിച്ച് പഠനവും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് പുതിയ ഡിസൈനുകളിലൂടെ ഉദ്ദേശിക്കുന്നത്.
2030 ഓടെ പൂർത്തീകരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം 135,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ ഘട്ടത്തിൽ ഒമ്പത് സ്കൂളുകൾ ഉൾപ്പെടുന്ന മൂന്ന് സ്കൂൾ ക്ലസ്റ്ററുകൾ ഉൾപ്പെടുന്നു. ആധുനിക വിദ്യാഭ്യാസ ആശയങ്ങളും നൂതന വാസ്തുവിദ്യയും അടിസ്ഥാനമാക്കിയാണ് സ്കൂൾ രൂപകൽപനയെന്ന് മന്ത്രാലയം വിശദീകരിച്ചു.
സമകാലിക അധ്യാപന രീതികളുമായി യോജിപ്പിക്കുകയും വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന സുസ്ഥിരമായ പഠന അന്തരീക്ഷം വികസിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ സ്കൂൾ ക്ലസ്റ്ററിലും വ്യത്യസ്ത വിദ്യാഭ്യാസ തലങ്ങൾ നൽകുന്ന മൂന്ന് സ്ഥാപനങ്ങൾ ഉണ്ടായിരിക്കും. റെസിഡൻഷ്യൽ ഏരിയകളിൽനിന്ന് 10 മിനിറ്റിനുള്ളിൽ നടന്നെത്താവുന്ന ദൂരമായിരിക്കും ഇവിടേക്ക് ഉണ്ടാകുക.
സ്കൂളുകളിൽ ഹരിത ഇടങ്ങൾ, കളിസ്ഥലങ്ങൾ, ഒരു നീന്തൽക്കുളം എന്നിവയും സജ്ജീകരിക്കും. ഇത് വിദ്യാർഥികൾക്ക് അക്കാദമിക്, വിനോദ പ്രവർത്തനങ്ങൾക്ക് ഉത്തേജകമായ അന്തരീക്ഷം നൽകും. പാഠ്യേതര ആവശ്യങ്ങൾക്കും അനുയോജ്യമായ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിദഗ്ധർ സ്കൂളിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.
സയൻസ് ലാബുകൾ, റിസോഴ്സ് സെന്ററുകൾ, മ്യൂസിക് റൂമുകൾ, തിയറ്റർ സ്റ്റുഡിയോ എന്നിവക്കായി പ്രത്യേക മേഖലകളും ഉൾപ്പെടുത്തും. ഓരോ സ്കൂളിനും 2,300ലധികം വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും.
കഴിഞ്ഞ വർഷം മേയ് 31ന് അൽ ബറക പാലസിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖാണ് സുൽത്താൻ ഹൈതം സിറ്റി പദ്ധതിക്ക് തുടക്കംകുറിച്ചത്. സുൽത്താന്റെ സുസ്ഥിര നഗരവികസനവും സാമ്പത്തിക വൈവിധ്യവത്ക്കരണ കാഴ്ചപ്പാടുമായും യോജിക്കുന്നതാണ് പദ്ധതി.
സിറ്റി പൂർത്തിയാകുന്നതോടെ പുരോഗതിയുടെയും നവീകരണത്തിന്റെയും വളർച്ചയുടെയും പ്രതീകമായി നഗരം മാറും. സീബ് വിലായത്തിൽ ഏകദേശം 15 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്. 2,900,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ നഗരം 20,000 ഭവന യൂനിറ്റുകളിലായി 100,000 പേർക്ക് താമസസൗകര്യം നൽകും.
2.9 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ലാൻഡ്സ്കേപ്പുകൾ, 19 സംയോജിത അയൽപക്കങ്ങൾ (ടൗൺഹൗസുകൾ, അപ്പാർട്ട്മെന്റുകൾ മുതലായവ), വാണിജ്യ-അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ, 25 മസ്ജിദുകൾ, 39 സ്കൂളുകൾ, ഒരു റഫറൽ ഹോസ്പിറ്റൽ ഉൾപ്പെടെ 11 ആരോഗ്യ സൗകര്യങ്ങൾ, കായിക സൗകര്യങ്ങൾ, ഒരു യൂനിവേഴ്സിറ്റി, സെൻട്രൽ പാർക്ക്, വിശാലമായ നടപ്പാത, മാലിന്യത്തിൽനിന്ന് ഊർജ ഉൽപാദനം, വൈദ്യുതിക്കായി സൗരോർജ്ജം, മലിനജല സംസ്കരണം തുടങ്ങിയവ ഈ സിറ്റിയുടെ സവിശേഷതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.