ബിസിനസ് ഉടമകളുമായും സംരംഭകരുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനി ബിസിസ്സ് ഉടമകളുമായും നിരവധി സംരംഭകരുമായും കൂടിക്കാഴ്ച നടത്തി. അൽ ആലം പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിഷൻ 2040 പ്രകാരമുള്ള സമഗ്ര വികസന പ്രക്രിയ തുടരാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
സ്വകാര്യ മേഖലക്ക് വലിയ ശ്രദ്ധനൽകുന്നുണ്ടെന്നും സർക്കാറും സ്വകാര്യ മേഖലകളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനെപറ്റിയും എടുത്തുപറഞ്ഞു. ഒമാനി സമ്പദ്വ്യവസ്ഥയുടെ ഭാവി അഭിലാഷങ്ങൾ കൈവരിക്കുന്നതിന് സ്വകാര്യ മേഖലയും ബിസിനസ് ഉടമകളും വഹിച്ച പങ്കിനെ സുൽത്താൻ പ്രശംസിച്ചു.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി രാജ്യത്ത് ബിസിനസ് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ സുൽത്താൻ ഊന്നിപ്പറഞ്ഞു. ഒമാനിലെ ചെറുകിട ഇടത്തരം സംരംഭകരെയും സ്റ്റാർട്ടപ്പ് കമ്പനികളെയും ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സുൽത്താൻ, അതിലൂടെ അവർക്ക് പ്രാദേശിക, വിദേശ വിപണികളിൽ നൂതനമായ പരിഹാരങ്ങളും ഗുണപരമായ ബിസിനസ് അവസരങ്ങളും വാഗ്ദാനം ചെയ്ത് മികച്ച കമ്പനികളുമായി സംയോജിപ്പിക്കാൻ കഴിയുമെന്നും പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പാക്കേജുകൾ, സർക്കാർ സ്വീകരിച്ച നിരവധി പരിപാടികൾ എന്നിവ പ്രയോജനപ്പെടുത്താൻ ബിസിനസ് ഉടമകളെയും സംരംഭകരെയും സുൽത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.