സുൽത്താൻ ഖാബൂസ് തുറമുഖ വികസനം; മുനിസിപ്പൽ കൗൺസിൽ ചർച്ച
text_fieldsമസ്കത്ത്: സുൽത്താൻ ഖാബൂസ് തുറമുഖത്തെ വാണിജ്യ, വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ പ്രസ്താവന മസ്കത്ത് ഗവർണറേറ്റിലെ മുനിസിപ്പൽ കൗൺസിൽ അവലോകനം ചെയ്തു.
സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒമാന്റെ ടൂറിസം ആകർഷണം വർധിപ്പിക്കുന്നതിനും തുറമുഖ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങൾ എടുത്തുപറഞ്ഞു.
ഭീമൻ ക്രൂസ് കപ്പലുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി സുൽത്താൻ ഖാബൂസ് തുറമുഖത്തെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 1,750 മീറ്റർ നീളമുള്ള തുറമുഖത്തിന്റെ ഒമ്പത് ബർത്തുകളും പാസഞ്ചർ ടെർമിനലുകൾ, ചരക്ക് കൈകാര്യം ചെയ്യൽ സേവനങ്ങൾ, മറൈൻ സപ്പോർട്ട് തുടങ്ങിയ സൗകര്യങ്ങളും ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായകമാണ്. 2023ൽ മാത്രം, തുറമുഖം ഏകദേശം 431,000 വിനോദസഞ്ചാരികളെയും 110 ക്രൂസ് കപ്പലുകളെയും സ്വാഗതം ചെയ്തു.
തുറമുഖത്തിന്റെ പ്രവർത്തനങ്ങളിൽ അവിഭാജ്യമായ ബൾക്ക്, ലിക്വിഡ്, ജനറൽ കാർഗോ എന്നിവക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെ വിശാലമായ ലോജിസ്റ്റിക്സ്, ഷിപ്പിങ് സേവനങ്ങളും കൗൺസിൽ അവലോകനം ചെയ്തു.
അമീറാത്തിലെ മലിനജലത്തിന്റെ ആഘാതം, പാർപ്പിട പൊതു സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ, മാലിന്യ സംസ്കരണ നിർദേശങ്ങൾ തുടങ്ങിയ സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുൻ മീറ്റിങ്ങിലെ തീരുമാനങ്ങളും ചർച്ച ചെയ്തു.
ആരോഗ്യ സമ്പ്രദായങ്ങൾ നിയന്ത്രിക്കുക, മസ്കത്തിലെ ഒമാനി വിമൻസ് അസോസിയേഷനെ പിന്തുണക്കുക തുടങ്ങിയ സംരംഭങ്ങളെ അഭിസംബോധന ചെയ്തു സോഷ്യൽ അഫയേഴ്സ്, ഹെൽത്ത് കമ്മിറ്റികളിൽ നിന്നുള്ള ശിപാർശകളും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.