മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്ത് സേവനങ്ങൾ മെച്ചപ്പെടുത്തുന്നു
text_fieldsമത്ര സുൽത്താൻ ഖാബൂസ് തുറമുഖം
മസ്കത്ത്: മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്ത് സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി). കൂടുതൽ ക്രൂസ് കപ്പലുകളെ ആകർഷിക്കുന്നതിനും ഒരു പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിൽ അതിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. തുറമുഖങ്ങൾ, സമുദ്ര സേവനങ്ങൾ, റോഡ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി, എം.ടി.സി.ഐ.ടി കഴിഞ്ഞ ദിവസം മൂന്നു തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെക്കുകയുണ്ടായി. കരാറുകളിലൊന്ന് സുൽത്താൻ ഖാബൂസ് തുറമുഖത്ത് കപ്പൽ സേവനങ്ങളുടെയും ക്രൂസ് മറ്റു പ്രവർത്തനങ്ങളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ക്രൂസ് ടൂറിസം കേന്ദ്രമെന്ന നിലയിൽ അതിന്റെ പ്രാഥമിക പ്രവർത്തനം നിലനിർത്തി വാണിജ്യ പ്രവർത്തനങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികളുമായും യോജിക്കുന്നു.
‘ഒമാനി ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് സർവിസസ് കമ്പനിയുമായി ഒപ്പുവെച്ച കരാർ, തുറമുഖത്ത് സമുദ്ര സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള രണ്ടു വർഷത്തെ കാലാവധിയാണുള്ളത്.
നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. തുടക്കത്തിൽ, സേവന വിടവുകൾ വിലയിരുത്തുന്നതിനും പുതിയ സമുദ്ര സേവനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി വിപണി വിശകലനം നടത്തും. നിലവിലുള്ള തുറമുഖ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നിക്ഷേപ ഘട്ടം ഇതിനെ തുടർന്ന് നടപ്പാക്കും.
ക്രൂസ് ടൂറിസത്തിനും സമുദ്ര വ്യാപാരത്തിനും തുറമുഖത്തെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി സ്ഥാപിക്കുന്നതിന് വിശദമായ ഒരു മാർക്കറ്റിങ് തന്ത്രം പിന്നീട് വികസിപ്പിക്കും. അവസാനമായി, സേവന നിലവാരവും പ്രവർത്തന കാര്യക്ഷമതയും അളക്കുന്നതിനുള്ള പ്രധാന പ്രകടന സൂചകങ്ങൾ സ്ഥാപിക്കും.
തുറമുഖത്തിന്റെ മത്സരശേഷിയും ക്രൂസ് ടൂറിസം വളർച്ചയും വർധിപ്പിക്കുന്നതിനും, സന്ദർശക കപ്പലുകൾക്കുള്ള ലോജിസ്റ്റിക്സും സമുദ്ര സേവനങ്ങളും വികസിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്നാണ് കരുതുന്നത്. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സഈദഎ് ബിൻ ഹമൗദ് അൽ മാവാലി, ഗതാഗത അണ്ടർ സെക്രട്ടറി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമ്മാഖിയുടെ സാന്നിധ്യത്തിലായിരുന്നു കരാറുകളിൽ ഒപ്പിട്ടത്.സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ ക്രൂസ് ടെർമിനൽ നവീകരിക്കാൻ അസ്യാദ് പോർട്ട്സ് കമ്പനി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ അനുഭവം വർധിപ്പിക്കുന്നതിനുമാണ് ടെർമിനൽ നവീകരിക്കുന്നത്. 2018 ജനുവരി ഒന്നു മുതൽ സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ പ്രവർത്തനവും നിയന്ത്രണവും അസ്യാദ് പോർട്ട്സ് ആണ് നടത്തിവരുന്നത്. ക്രൂസ് കപ്പലിലെത്തുന്ന സഞ്ചാരികളുടെ സുൽത്താനേറ്റിലേക്കുള്ള ആദ്യ സ്വാഗത കേന്ദ്രമാണ് സുൽത്താൻ ഖാബൂസ് പോർട്ടലിലെ ക്രൂസ് ടെർമിനൽ കെട്ടിടം. ഓരോ ക്രൂസ് സീസണിലും രാജ്യത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനയാണുണ്ടായിരിക്കുന്നത്. ക്രൂസ് ടൂറിസത്തിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും ടൂറിസം വ്യവസായത്തിന്റെ ഭാവി വളർച്ചയെ പിന്തുണക്കുന്നതിനും ക്രൂസ് ടെർമിനലിന്റെ നവീകരണം അനിവാര്യമായിത്തീരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ മുതൽ ഏപ്രിൽ അവസാനം വരെയാണ് ഒമാനിലെ ക്രൂസ് കപ്പൽ സീസൺ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.