സൈനിക പരേഡിൽ സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു
text_fieldsമസ്കത്ത്: രാജ്യത്തിന്റെ 53ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡ് ദാഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്നു. സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് സല്യൂട്ട് സ്വീകരിച്ചു. സുൽത്താൻ അധികാരമേറ്റതിന് ശേഷമുള്ള മൂന്നാമത്തെ പരേഡാണ് കഴിഞ്ഞ ദിവസം നടന്നത്. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താെൻറ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് തുടങ്ങിയവയെ പ്രതിനിധാനം ചെയ്യുന്ന യൂനിറ്റുകൾ ചടങ്ങിൽ പങ്കെടുത്തു.
പരേഡ് ഗ്രൗണ്ടിലെത്തിയ സുൽത്താനെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, സുൽത്താന്റെ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് റഈസി, ഒമാൻ റോയൽ എയർഫോഴ്സ് കമാൻഡർ എയർ വൈസ് മാർഷൽ ഖമീസ് ബിൻ ഹമ്മദ് അൽ ഗഫ്രി എന്നിവർ ചേർന്ന് സ്വീകരിച്ചു.
സൈനിക വിഭാഗം സല്യൂട്ട് നൽകിയും സൈനിക ബാൻഡ് സംഘം ദേശീയ ഗാനം ആലപിച്ചുമാണ് സുൽത്താനെ ആനയിച്ചത്. സുൽത്താന് ആദരവ് അറിയിച്ച് 21 ആചാരവെടികളും മുഴക്കി. വിവിധ സൈനിക വിഭാഗങ്ങളുടെ മ്യൂസിക്കൽ പരേഡും നടന്നു.
രാജകുടുംബത്തിലെ അംഗങ്ങൾ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ ചെയർമാൻമാർ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, മറ്റ് സൈനിക, സുരക്ഷ വകുപ്പുകളുടെ കമാൻഡർമാർ, അറബ് നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഗവർണർമാർ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ, വാലിമാർ, ശൈഖ്മാർ, അംബാസഡർമാർ, ദാഖിലിയ ഗവർണറേറ്റിലെ പ്രമുഖർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.