സുൽത്താന് ഖത്തറിൽ ഹൃദ്യമായ വരവേൽപ്
text_fieldsദോഹ/മസ്കത്ത്: രണ്ടു ദിവസത്തെ ഖത്തർ സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന് രാജകീയ വരവേൽപ്. തിങ്കളാഴ്ച രാവിലെ ദോഹ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഒമാൻ സുൽത്താനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, അമീറിെൻറ പേഴ്സനൽ പ്രതിനിധി ൈശഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖുമാർ, വിവിധ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സൗഹൃദ രാഷ്ട്രത്തലവനെ ഖത്തർ വരവേറ്റത്. ഒമാനിലെ ഖത്തർ അംബാസഡർ ശൈഖ് ജാസിം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ആൽഥാനി, ഖത്തറിലെ ഒമാൻ അംബാസഡർ നജീബ് ബിൻ യഹ്യ അൽ ബലുഷി എന്നിവരും പങ്കെടുത്തു. തുടർന്ന് അമീരി ദീവാനി ഔപചാരിക ചടങ്ങുകളോടെ ഒമാൻ സുൽത്താന് വരവേൽപ്പൊരുക്കി. അമീറിനൊപ്പം ഗാർഡ്ഓഫ് ഓണർ ഏറ്റുവാങ്ങിയ ശേഷം, ഇരു രാഷ്ട്ര തലവന്മാരും ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്തു. ഖത്തറും ഒമാനും തമ്മിലെ വിവിധ മേഖലകളിലെ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൈനിക സഹകരണം, ഇരട്ട നികുതി ഒഴിവാക്കൽ, വിവിധ മേഖലകളിലെ നിക്ഷേപങ്ങൾ, തൊഴിലാളി -മാനുഷിക വിഭശേഷി വികസനങ്ങളിലെ സഹകരണം, ടൂറിസം, ഹോസ്പിറ്റാലിറ്റി, തുറമുഖ ഗതാഗതം തുടങ്ങി വിവിധ കരാറുകളിലാണ് ഖത്തറും ഒമാനും ഒപ്പുവെച്ചത്. ഇരട്ട നികുതി ഒഴിവാക്കുന്നതിനു പുറമെ, ആദായ നികുതിയിലും മൂലധന നികുതിയിലുമുള്ള വെട്ടിപ്പ് തടയുന്നതിനും ധാരണയായി. നിക്ഷേപ മേഖലയിൽ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും സഹകരിക്കും. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ, ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, ധനമന്ത്രി സുൽത്താൻ സലിം അൽ ഹബ്സി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ഖത്തർ ഡെപ്യൂട്ടി അമീർ ൈശഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പേഴ്സനൽ പ്രതിനിധി ൈശഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി തുടങ്ങിയവർ പങ്കെടുത്തു. ഒമാൻ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഇൗദ്, ദീവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൻ ബിൻ സഉൗദ് അൽ ബുസൈദി, റോയൽ ഒാഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഹ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം ബിൻ സഇൗദ് അൽ ഹബ്സി തുടങ്ങി ഉന്നതതല പ്രതിനിധി സംഘമാണ് സുൽത്താനെ അനുഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.