ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് സുൽത്താൻ തിരിച്ചെത്തി
text_fieldsമസ്കത്ത്: വിവിധ മേഖലകളിൽ സഹകരണങ്ങൾ വിപുലപ്പെടുത്തിയും ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും രണ്ട് ദിവസത്തെ ഇറാൻ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ തിരിച്ചെത്തി. നിക്ഷേപ അവസരങ്ങളുടെ കൈമാറ്റം, പ്രത്യേക സാമ്പത്തിക മേഖലകളിലും സ്വതന്ത്ര മേഖലകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിങ്ങെനയുള്ള വിവിധ മേഖലകളിൽ ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചാണ് സുൽത്താൻ മടങ്ങിയത്.
ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പൊതുവായ താൽപര്യങ്ങളെ അടിസ്ഥാനമാക്കി, പ്രത്യേകിച്ച് വ്യാപാരം, ഊർജം, നിക്ഷേപം, സംസ്കാരം എന്നീ മേഖലകളിൽ പരസ്പര പ്രയോജനവും ബന്ധങ്ങളും വർധിപ്പിക്കുന്ന തരത്തിൽ വികസിപ്പിക്കാനുള്ള വഴികളും ഇരുരാജ്യങ്ങളിലെ നേതാക്കൾ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തിന്റെ ഉയർന്ന തലത്തിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു. ഭാവിയിൽ ബന്ധം വിപുലപ്പെടുത്താനുള്ള തങ്ങളുടെ താൽപര്യം, സംയുക്ത കമ്മിറ്റികൾക്കും വർക് ടീമുകൾക്കുമുള്ള പിന്തുണ, വിവിധ മേഖലകളിലെ സന്ദർശനങ്ങൾ എന്നിവ സംയുക്ത പ്രസ്താവനയിൽ ഇരുപക്ഷവും പറഞ്ഞു.
സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖലയുടെ ഫലപ്രദമായ പങ്ക് ഊന്നിപ്പറയുകയും വ്യാപാര വിനിമയത്തിന്റെ വളർച്ചയിലും സംയുക്ത നിക്ഷേപങ്ങളുടെ വർധനവിലും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പൊതുവായ ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുനേതാക്കളും വീക്ഷണങ്ങൾ കൈമാറി. മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും അടിത്തറ ഉറപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെയും രാഷ്ട്രീയ കൂടിയാലോചനകളുടെയും തുടർച്ചയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഉഭയകക്ഷി ബന്ധവും സമാധാനവും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തുന്ന ജ്ഞാനപൂർണവും ക്രിയാത്മവുമായ ഇടപെടലുകൾക്ക് പ്രസിഡന്റ് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഇറാൻ ഗവൺമെന്റ് പിന്തുടരുന്ന നല്ല അയൽപക്ക നയത്തെ സുൽത്താനും അഭിനന്ദിച്ചു. മെഹറാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുൽത്താന് നൽകിയ യാത്രയയപ്പിന് ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബർ, സാമ്പത്തിക കാര്യ മന്ത്രി ഇഹ്സാൻ ഖന്ദോസി (ഹെഡ് ഓഫ് ദി മിഷൻ ഓഫ് ഓണർ), ഒമാനിലെ ഇറാൻ അംബാസഡർ അലി നജാഫി ഖോഷ്റൂദി, ഇറാനിലെ ഒമാൻ അംബാസഡർ ഇബ്രാഹിം ബിൻ അഹമ്മദ് അൽ മുഐനി എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം തെഹ്റാനിലെ സദാബാദ് കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന് ഔദ്യോഗിക അത്താഴവിരുന്നും ഒരുക്കിയിരുന്നു.
ഖാംനഈയുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തി. ടെഹ്റാനിലെ അദ്ദേഹത്തിന്റെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി പങ്കെടുത്തു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളെ കുറിച്ചും സംസാരിച്ചു.
യോഗത്തിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.