സുൽത്താന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന് ഞായറാഴ്ച തുടക്കമാകും. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇറാനിലേക്ക് തിരിക്കുന്നത്. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനൊപ്പം ഉഭയകക്ഷി ബന്ധങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും.
സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ കരാറുകളിലും ഒപ്പുവെക്കും. ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിലയിരുത്തും. ദിവസങ്ങൾക്കുമുമ്പ് സുൽത്താൻ ഈജിപ്ത് സന്ദർശിച്ചിരുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നതടക്കമുള്ള വിവിധ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.
ഇന്നും നാളെയും ഗതാഗത നിയന്ത്രണം
മസ്കത്ത്: തലസ്ഥാന നഗരിയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ അൽ ബറക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ട് വരെയുള്ള പാതയുടെ ഇരുവശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് നിർദേശിച്ചിരിക്കുന്നത്.
നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.