സുൽത്താന്റെ സന്ദർശനം ഒമാൻ-ഇന്ത്യ ബന്ധം കൂടുതൽ സുദൃഢമാക്കും
text_fieldsമസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യ സന്ദർശനം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒമാൻ-ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. സുൽത്താൻ ഹൈതം ന്യൂഡൽഹിയിൽ നടത്തുന്ന ഇന്ത്യൻ രാഷ്ട്ര തലവന്മാരുടെ കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം അടക്കമുള്ള എല്ലാ മേഖലകളിലും കൂടുതൽ സഹകരണം ഉണ്ടാക്കാൻ സഹായകമാവും. ഇന്ത്യയും ഒമാനും തമ്മിൽ മികച്ച വ്യാപാര ബന്ധമാണ് നിലനിൽക്കുന്നത്. ഈ വർഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ 1.447 ശതകോടി റിയാലിന്റെ വ്യാപാര ബന്ധമാണുള്ളത്. ഈ കാലയളവിൽ ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 699.218 ദശക്ഷം റിയാലാണ്.
എണ്ണ, ധാതുക്കൾ, പ്രകൃതി വാതകം, പോളിത്തിലിൻ, പ്രോപിലൈറ്റ്, അലൂമിനിയം, യൂറിയ തുടങ്ങിയവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഇക്കാലയളവിൽ ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള കയറ്റുമതി 747.883 ദശലക്ഷം റിയാലാണ്. അരി, മോട്ടോർ ഇന്ധനം, ഗോതമ്പ്, ഇഗ്നീഷ്യം, ഇരുമ്പ് അയിര് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടത്. ഒമാനിൽ ഇന്ത്യയുടെ നിക്ഷേപവും വൻതോതിൽ വർധിച്ചിട്ടുണ്ട്. ഈ വർഷം ജൂൺവരെ ഒമാനിലെ ഇന്ത്യൻ നിക്ഷേപം 378.4 ദശലക്ഷം റിയാലാണ്. കഴിഞ്ഞ വർഷം അവസാനംവരെ ഒമാനിൽ 1,744 ഇന്ത്യൻ കമ്പനികൾ നിക്ഷേപമിറക്കി. ഇത് മൊത്തം 281 ദശലക്ഷം റിയാലാണ്.
വ്യവസായം, നിർമാണം, വ്യാപാരം, ഗതാഗതം, വാർത്താവിനിമയം, എണ്ണ ഗ്യാസ്, ഖനം, വിദ്യാഭ്യാസം, കൃഷി, മത്സ്യം, വിനോദ സഞ്ചാരം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ നിക്ഷേപം. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം പരിഗണിച്ച് കഴിഞ്ഞ ജി20 സമ്മേളനത്തിൽ ഒമാനെ മുഖ്യാഥിതിയായി ക്ഷണിച്ചിരുന്നു. ചരിത്ര സാംസ്കാരിക സാമ്പത്തിക മേഖലകളിൽ ഒമാനും ഇന്ത്യയും തമ്മിൽ ഏറെ ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ 1955 മുതൽ നയതന്ത്ര ബന്ധം ആരംഭിച്ചിട്ടുണ്ട്. വർഷംതോറും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വർധിക്കുകയാണ്. 2021- 2022 കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം 10 ശതകോടി ഡോളറായി ഉയർന്നു. ഒമാൻ ഇന്ത്യയും തമ്മിൽ സമൂദ്ര വ്യാപാരം പുരാതന സംസ്കാരമായ സുമേറിയൻ, ഹാരപ്പ കാലഘട്ടം മുതൽ ആരംഭിച്ചിരുന്നു. വെങ്കലയുഗം മുതൽ ഒമാനും ഇന്ത്യയും തമ്മിൽ നാഗരിക ബന്ധമുണ്ടായിരുന്നു.
ഒമാനിലെ ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലെ സാംസ്കാരിക വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും നയനിലപാടുകൾ വിവിധ മേഖലകളിലെ സഹകരണത്തിന് ശക്തി പകരുന്നതാണ്. ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നിവ ഇതിൽ ഉൾപ്പെടും.
സുൽത്താന്റെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലയിൽ നാഴികക്കല്ലാവുമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. നിലവിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഭാവിയിൽ സഹകരണത്തിന് പുതിയ മാർഗ രേഖകൾ ഉണ്ടാക്കാനും സഹകരണം സഹായകമാവും. ഇരു രാജ്യങ്ങളുടെ നേതാക്കളും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ബന്ധം ശക്തിപ്പെടുത്തുന്നതിന് വലിയ പ്രധാന്യം നൽകുന്നവരാണ്. 2018 ൽ ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുകയും പഴയ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പുതിയ ഭരണാധികാരിയും ഇന്ത്യൻ പ്രധാന മന്ത്രിയും തമ്മിൽ 2020 ഏപ്രിലിലും 2021 ഫെബ്രുവരിയിലും ടെലഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് അംബാസഡർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധം വർഷം തോറും ശക്തിപ്പെടുകയാണ്. വ്യാപാരം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. 2020- 2021 സാമ്പത്തിക വർഷത്തിലെ വ്യാപാരം 5.4 ശതകോടി ഡോളറായിരുന്നു. 2022-2023 സാമ്പത്തിക വർഷം ഇത് 12.3 ശതകോടി ഡോളറായി ഉയർന്നു. സുഹാർ, സാലാല, ദുകം ഫ്രീസോണുകളിൽ ഇന്ത്യക്ക് മികച്ച നിക്ഷേപമുണ്ട്. വരും വർഷങ്ങളിൽ വ്യാപാര ബന്ധങ്ങളും നിക്ഷേപങ്ങളും കുടുതൽ ശക്തമായി തുടരണമെന്നും അംബാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.