സൂപ്പർ 12 സ്വപ്നം പൊലിഞ്ഞു; നിരാശയിൽ ആരാധകർ
text_fieldsമസ്കത്ത്: ട്വൻറി 20 ലോകകപ്പ് സംഘാടനത്തിൽ ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും അംഗീകാരം നേടിയപ്പോഴും, സൂപ്പർ 12ലേക്കു കടക്കാൻ സാധിക്കാത്ത നിരാശയിൽ കളിക്കാരും ആരാധകരും. ഗ്രൂപ് 'ബി' യിൽ ബംഗ്ലാദേശിെൻറ കൂടെ ഒമാനും സൂപ്പർ 12ലേക്ക് എത്തുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്.
ആദ്യ മത്സരത്തിൽ പപ്വ ന്യൂഗിനിയെ പത്തു വിക്കറ്റിന് തോൽപിക്കുകയും ബംഗ്ലാദേശ് സ്കോട്ട്ലൻഡിനോട് പരാജയപ്പെടുകയും ചെയ്തതോടെ ആരാധകരുടെ മനസ്സ് സൂപ്പർ പന്ത്രണ്ടിലേക്ക് പറന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു.
മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാൻ സാധിക്കാതെ പോയത് ഫീൽഡിങ്ങിലെ പിഴവായിരുന്നു. ബംഗ്ലാദേശിെൻറ നിർണായകമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാൻ കിട്ടിയ അഞ്ചോളം അവസരങ്ങളാണ് ഒമാനി ഫീൽഡർമാർ കളഞ്ഞു കുളിച്ചത്. മൂന്നാം മത്സരത്തിന് വളരെ സമ്മർദേത്താടെയാണ് ഇറങ്ങിയത്. മികച്ച ടോട്ടൽ പടുത്തുയർത്താം എന്ന പ്രതീക്ഷയിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങിയ ജിതേന്ദർ സിങ് റണ്ണൊന്നും എടുക്കാതെ പുറത്തായി. പിന്നീട് വന്നവരിൽ ആഖിബ് ഇലിയാസിനും ക്യാപ്റ്റൻ സീഷാൻ മക്സൂദിനും മാത്രമേ മുപ്പതു റൺസിന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ. ബാക്കിയുള്ള ആർക്കും ക്രീസിൽ നിലയുറപ്പിക്കാനോ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാനോ സാധിച്ചില്ല. 122 റൺസിനാണ് ഒമാെൻറ ഇന്നിങ്സ് അവസാനിച്ചത്. സ്കോട്ലൻഡ് എട്ടു വിക്കറ്റിന് വിജയം നേടുകയും ചെയ്തു. ഫുട്ബാളിന് വളക്കൂറുള്ള മണ്ണിൽ ക്രിക്കറ്റിനും സാധ്യതയുണ്ടെന്നാണ് മത്സരങ്ങൾ കണാനെത്തിയ കാണികളുടെ സാന്നിധ്യം തെളിയിക്കുന്നത്. അതേസമയം പരാജയത്തെ തുടർന്ന് ഒമാൻ ക്രിക്കറ്റ് ടീമിൽ അഴിച്ചു പണികൾ ഉറപ്പാണ്. ഉടൻ ഉണ്ടാകില്ലെങ്കിലും പുതു മുഖങ്ങൾ ടീമിലേക്കു വരും എന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.