കരുത്തുപകരാൻ ചെമ്പടയെത്തും
text_fieldsമസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ ഒമാൻ കളിക്കാർക്ക് ആവേശം പകരാൻ ആരാധകർ കുവൈത്തിലേക്ക് ഒഴുകും. ‘ഞങ്ങൾ എല്ലാവരും ദേശീയ ടീമിനൊപ്പം’ എന്ന ദേശീയ കാമ്പയിനിന്റെ ഭാഗമായി ആരാധകരെ ആറു വിമാനത്തിലായി കുവൈത്തിലെത്തിക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയം പ്രഖ്യാപിച്ചു.
കുവൈത്തിലെ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ 60,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതിനാൽ ഒമാനി ആരാധകർക്കായി 20,000ലധികം ടിക്കറ്റ് അനുവദിച്ചിട്ടുണ്ടെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ പറഞ്ഞു. ആരാധകർക്കായി ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ ഒരുക്കിയ 100 സൗജന്യ എയർ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞു പോകുകയും ചെയ്തു. ആരാധകരുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
2009 ലും 2017 ലും ഒമാൻ കപ്പ് നേടിയപ്പോൾ ആരാധകരുടെ സാന്നിധ്യം ടീമിന് വലിയ പ്രചോദനമേകിയിരുന്നു. ഒരുതോൽവിയും ഏറ്റുവാങ്ങാതെയാണ് റഷീദ് ജാബിറിന്റെ കുട്ടികൾ ഫൈനലിൽ എത്തിയിരിക്കുന്നത്. സെമിഫൈനലിലേക്ക് പ്രത്യേക വിമാനങ്ങളിലായി നൂറുകണക്കിന് ആരാധരെ ഒമാൻ ഫുട്ബാൾ അസോസിയേഷൻ കുവൈത്തിന്റെ മണ്ണിലെത്തിച്ചിരുന്നു.
ആവേശം ബിഗ് സ്ക്രീനിലും
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ ആവേശം ഒട്ടുംചോരാതെ ആരാധകർക്കായി എത്തിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത് നിരവധി ബിഗ് സ്ക്രീനുകൾ. വിവിധ ഗവർണറേറ്റുകളിലായി നടക്കുന്ന ശൈത്യകാല ഫെസ്റ്റിവലിലും മറ്റും സജ്ജീകരിച്ചിരിക്കുന്ന ഇത്തരം സ്ക്രീനുകൾക്ക് മുന്നിൽ ആയിരങ്ങൾ ശനിയാഴ്ച തടിച്ചു കൂടും. തങ്ങളുടെ ഇഷ്ട ടീമിന് കൈയടിച്ചും ആർപ്പുവിളിച്ചും അന്തരീക്ഷം ആഘോഷമാക്കും. കുട്ടികൾക്കും യുവാക്കൾക്കുമൊപ്പം പ്രായമായവരും ഈ വേദിയിൽ കളികാണാനായി എത്തും.
ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദി, ദോഫാറിലെ അൽ ഹഫ ഏരിയ, സീബിലെ അൽ നഹ്ദി വാക്ക്, മസ്കത്ത് നൈറ്റ്സ് വേദികളായ അമീറാത്ത് , നസീം ഗാർഡൻ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ബിഗ് സ്ക്രീനിൽ കളി കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുടെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഇത്തവണ തങ്ങളുടെ മണ്ണിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകക്കൂട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.