ഒമാനിൽ ടൂറിസ്റ്റ് വിസകൾ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം
text_fieldsമസ്കത്ത്: ഒമാനിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്നു. ആഭ്യന്തര മന്ത്രി ഹമൂദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ആദ്യഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കുക. ഇവരുടെ കീഴിൽ ഗ്രൂപ്പായി വരുന്ന സഞ്ചാരികൾക്കാണ് ടൂറിസ്റ്റ് വിസ ഉപയോഗിക്കാൻ സാധിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതലാണ് ഒമാൻ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്.
നവംബർ ആദ്യത്തിൽ എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകളും കഴിഞ്ഞ ദിവസം തൊഴിൽ വിസയും അനുവദിക്കുന്നത് പുനരാരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ ഒാഫിസുകളിൽ കുറഞ്ഞ എണ്ണം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന നേരത്തേയുള്ള ഉത്തരവും സുപ്രീം കമ്മിറ്റി പിൻവലിച്ചു. ഡിസംബർ ആറ് മുതൽ മുഴുവൻ ജീവനക്കാരും ഒാഫിസുകളിൽ ഹാജരാകണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു.
മുൻകരുതൽ നടപടികൾ ഉറപ്പാക്കി കൂടുതൽ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനും തീരുമാനിച്ചു. ബന്ധപ്പെട്ട അധികൃതർ ഇതിെൻറ വിശദാംശങ്ങൾ അറിയിക്കും.
കോവിഡ് രോഗവ്യാപനത്തിൽ കാര്യമായ കുറവ് ദൃശ്യമാണ്. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞതായും സുപ്രീം കമ്മിറ്റി വിലയിരുത്തി. രോഗ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടി പാലിക്കുന്നതിൽ ജനങ്ങൾ പുലർത്തുന്ന പ്രതിബദ്ധത സുപ്രീം കമ്മിറ്റി അനുമോദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.