സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ചു: ഒമ്പതു റസ്റ്റോറൻറുകൾക്കെതിരെ നടപടി
text_fieldsമസ്കത്ത്: റസ്റ്റാറൻറുകളുടെയും ഭക്ഷണശാലകളുടെയും രാത്രിയുള്ള പ്രവർത്തനത്തിന് ഇളവ് നൽകിയതിന് പിന്നാലെ നിയമ ലംഘകരെ കണ്ടെത്തുന്നതിന് അധികൃതർ പരിശോധന ഉൗർജിതമാക്കി. സുപ്രീംകമ്മിറ്റി നിർദേശം ലംഘിച്ച ഒമ്പത് റസ്റ്റാറൻറുകൾക്കെതിരെ നടപടിയെടുത്തതായി മസ്കത്ത് നഗരസഭ അറിയിച്ചു.
ഖുറം, അൽ ഖുവൈർ മേഖലകളിലുള്ള റസ്റ്റാറൻറുകൾക്കെതിരെയാണ് നഗരസഭ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. രാത്രി അടച്ചിടൽ തുടങ്ങുന്ന എട്ടിനുശേഷം ആളുകളെ അകത്ത് ഇരുത്തിയതിനാണ് നടപടി. രാത്രി എട്ടിനു ശേഷം ഹോം ഡെലിവറിയും ടേക്ക് എവേ സേവനങ്ങളും മാത്രമാണ് അനുവദിച്ചിട്ടുള്ളൂ. നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. കഴിഞ്ഞ മാർച്ച് നാലിന് ആരംഭിച്ച വ്യാപാര സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ കഴിഞ്ഞ ദിവസം ഇളവുകളോടെ ഏപ്രിൽ മൂന്നുവരെ നീട്ടിയിരുന്നു.
രാത്രി അടച്ചിടൽ നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ നേരത്തേ അറിയിച്ചിട്ടുണ്ട്. നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ 1000 റിയാലായി ഉയരും. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ ശിക്ഷ നടപടികൾക്കും വിധേയരാകേണ്ടിവരുമെന്നും അറിയിപ്പിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.