സൂർ ഇന്ത്യൻ സ്കുൾ ഫീസ് വർധിപ്പിച്ചത്പകുതിയായി കുറച്ചു
text_fieldsമസ്കത്ത്: സൂർ ഇന്ത്യൻ സ്കുളിന്‍റെ വർധിപ്പിച്ച ട്യൂഷൻ ഫീസ് പകുതിയായി കുറച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സർക്കുലർ പുറത്തിറക്കി. നിലവിലെ സാഹചര്യത്തിൽ ഫീസ് വർധനവ് പൂർണമായി പിൻവലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതുകൊണ്ട് 2023-24 അധ്യയന വർഷത്തിൽ കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പ്രതിമാസ ട്യൂഷൻ ഫീസ് ഒരു റിയാൽ ആയി വർധിപ്പിക്കും. അടുത്ത അധ്യയന വർഷത്തിൽ (2024-25) ഒരു റിയാലും ഈടാക്കും. വിദ്യാഭ്യാസത്തിന്റെയും വിഭവങ്ങളുടെയും ഗുണനിലവാരം നിലനിർത്താൻ ഫീസ് വർധന അനിവാര്യമാണെന്നും അതിനാൽ ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ പിന്തുണ ആവശ്യമാണെന്നും സർക്കുലറിൽ പറയുന്നു. ഇൻഫ്രാസ്ട്രക്ചർ ഫീസ് പത്ത് റിയാലായി ഉയർത്തിയത് സംബന്ധിച്ച ആശങ്ക സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഫീസ് ഇനത്തിൽ ഇളവുകൾ നൽകും. ഇതിനായി ആവശ്യമായ രേഖകൾ സഹിതം പ്രിൻസിപ്പാളിന് അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. 2023-2024 അധ്യായന വർഷം ഫീസ് വർധിപ്പിക്കുമെന്ന് കാണിച്ച് മാർച്ച് 25ന് ആണ് രക്ഷിതാക്കൾക്ക് സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സർക്കുലർ അയച്ചിരുന്നത്. കെ.ജി മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിൽ ഓരോ മാസവും രണ്ട് റിയാൽ വീതമാണ് ട്യൂഷൻ ഫീ ഉയർത്തിയിരുന്നത്. ഇതിന് പുറമെ ഓരോ അധ്യായന വർഷവും ഇൻഫ്രാസ്ട്രക്ചർ ഫീസ് ആയി പത്ത് റിയാൽ വീതം വിദ്യാർഥികളിൽ നിന്നും ഈടാക്കുമെന്നും പറഞ്ഞിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എന്നാൽ, ഏപ്രിൽ എട്ടിന് സ്‌കൂളിൽ ചേർന്ന മാനേജ്‌മന്റ് പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും യോഗത്തിൽ വർധിപ്പിച്ച ഫീസ് അനുഭാവപൂർവം പുനഃപരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്. സൂറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക ചുറ്റുപാടുകൾ മനസിലാക്കാതെ ഏക പക്ഷീയമായാണ് ഫീസ് വർധന പോലുള്ള കാര്യങ്ങളിൽ നിലപാട് എടുക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഭാവിയിൽ ഫീസ് വർധനവടക്കമുള്ള സ്കൂൾ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.