1.23 കോടി റിയാലിന്റെ മിച്ച ബജറ്റ്
text_fieldsമസ്കത്ത്: എണ്ണവിലയും ഉൽപാദനവും വർധിച്ചതോടെ രാജ്യത്ത് 1.23 കോടി റിയാലിന്റെ മിച്ച ബജറ്റ് രേഖപ്പെടുത്തി. ഈവർഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ചാണിത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവിൽ 130 കോടി റിയാലിന്റെ കമ്മി ബജറ്റായിരുന്നു. ഈ വർഷം സര്‍ക്കാര്‍ വരുമാനത്തിൽ 43.4 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനം വരെ സര്‍ക്കാര്‍ വരുമാനം 10,567 മില്യന്‍ റിയാലാണ്. കഴിഞ്ഞ വര്‍ഷമിത് 7368 മില്യന്‍ റിയാലായിരുന്നു.
ഹൈഡ്രോകാര്ബണില്നിന്നുള്ള വരുമാനം 8102 മില്യന്‍ റിയാലായും ഉയർന്നു. കഴിഞ്ഞ വര്‍ഷത്തെ 5331 മില്യന്‍ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 51.9 ശതമാനത്തിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. എണ്ണബാരലിന് 94 യു.എസ് ഡോളര്‍ വിലയായതാണ് ഇതിന് പ്രധാന കാരണം. എണ്ണയുൽപാദനം പ്രതിദിനം 1,056,000 ആയി വര്‍ധിച്ചിട്ടുമുണ്ട്.
6578 മില്യന്‍ റിയാലാണ് വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാർ ഇക്കാലയളവിൽ ചെലവഴിച്ചത്. ദിനേനെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് 10.1 ശതമാനം വര്‍ധിച്ച് 7070 മില്യന്‍ റിയാലായി. മൊത്തം സംഭാവനകളും മറ്റ് ചെലവുകളും 1434 മില്യന്‍ റിയാലായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷമിത് 578 മില്യന്‍ റിയാലായിരുന്നു.
സെപ്റ്റംബര്‍ വരെ നികുതിവരുമാനം 22.3 ശതമാനം വര്‍ധിച്ച് 2450 മില്യന്‍ റിയാലായി. കഴിഞ്ഞ പ്രാവശ്യമിത് 2004 മില്യന്‍ റിയാലായിരുന്നു. സെപ്റ്റംബര്‍ വരെ സര്‍ക്കാറിന്റെ ചെലവഴിക്കല്‍ 12.5 ശതമാനം വര്‍ധിച്ച് 9444 മില്യന്‍ റിയാലായി. കഴിഞ്ഞ വര്‍ഷം 1046 മില്യന്‍ റിയാലായിരുന്നു. ഒമാന്റെ ജി.ഡി.പി കഴിഞ്ഞ വർഷത്തെ മൂന്ന് ശതമാനത്തില്‍നിന്ന് ഈ വർഷം 4.4 ശതമാനമായും അടുത്തവർഷം 4.1 ശതമാനമായും വര്‍ധിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.