നിർമിതബുദ്ധി ‘പാര’യാകുമെന്ന് സർവേ; ഇല്ലെന്ന് വിദഗ്ധർ
text_fieldsദുബൈ: അടുത്ത ഒരു ദശകത്തിനകം നിർമിതബുദ്ധി സാങ്കേതിക വിദ്യയുടെ ശക്തമായ കടന്നുവരവ് തൊഴിലിന് ഭീഷണിയാകുമെന്ന് സർവേ ഫലം. യു.എ.ഇയിലെ ആയിരത്തിലേറെ വരുന്ന താമസക്കാരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
എന്നാൽ സർവേയിൽ ഉയർന്ന അഭിപ്രായം നിരാകരിച്ച് നിർമിതബുദ്ധി മേഖലയിലെ വിദഗ്ധർ രംഗത്തെത്തി. യുവാക്കളാണ് കൂടുതലായി പുതിയ സാങ്കേതികവിദ്യകൾ തൊഴിൽ സാധ്യതകൾ വെട്ടിച്ചുരുക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. കമ്യൂണിക്കേഷൻസ് ഉപദേശകരായ ഡ്യൂക്ക് പലസ് മിർ നടത്തിയ പഠനത്തിൽ, നിർമിതബുദ്ധി ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനാണ് താമസക്കാർ ഉത്തരം നൽകിയത്.
2033ഓടെ തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ നവസാങ്കേതിക വിദ്യകൾ കൈക്കലാക്കുമെന്ന് ആശങ്കിക്കുന്നതായി സർവേയിൽ പങ്കെടുത്ത 54ശതമാനം പേരും പറഞ്ഞു. 24 ശതമാനം ആളുകൾ ഇക്കാര്യത്തിൽ ഒരുറപ്പുമില്ലെന്ന് പറഞ്ഞപ്പോൾ, 21 ശതമാനം പേർ നിർമിതബുദ്ധിയുടെ കടന്നുവരവ് ഭയക്കുന്നില്ലെന്ന് മറുപടി നൽകി.
സർവേയിൽ പങ്കെടുത്ത 60 ശതമാനം ഇമാറാത്തികളും ആശങ്ക പങ്കുവെച്ചപ്പോൾ പടിഞ്ഞാറൻ രാജ്യക്കാരായ പ്രവാസികളിൽ ആശങ്ക കുറവാണ്. 45ശതമാനം പാശ്ചാത്യർക്ക് നിർമിതബുദ്ധിയുടെ മുന്നേറ്റത്തിൽ വലിയ ഭയമില്ല. 25 വയസ്സിന് താഴെയുള്ളവരിൽ 66 ശതമാനം പേരും നിർമിതബുദ്ധിയെ ഭയക്കുന്നവരാണെന്നും അടുത്ത ദശാബ്ദത്തിനുള്ളിൽ റോബോട്ടുകൾ അവരുടെ ജോലി തട്ടിയെടുക്കുമെന്നും ആശങ്കിക്കുന്നതായി സർവേ കണ്ടെത്തി. 25നും 44നും ഇടയിൽ പ്രായമുള്ളവരിൽ 57 ശതമാനവും 45 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ 43 ശതമാനവും ആളുകളാണ് ആശങ്ക പ്രകടിപ്പിച്ചത്.
ചെറുപ്പക്കാരാണ് കൂടുതലായി പുതു സാങ്കേതിക വിദ്യകളെ ഭയക്കുന്നതെന്നത് ആശ്ചര്യമുളവാക്കുന്നതാണെന്നും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് ബോധവത്കരണം അനിവാര്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിർമിതബുദ്ധിയുടെ കടന്നുവരവ് വിവിധ മേഖലകളിൽ പുത്തൻ ജോലി സാധ്യതകൾ തുറക്കുന്നതായിരിക്കുമെന്നും നിരീക്ഷിക്കുന്നു. നിർമിതബുദ്ധി വലിയ രീതിയിൽ മാറ്റം കൊണ്ടുവരുമെങ്കിലും മനുഷ്യസാന്നിധ്യം അനിവാര്യമായിരിക്കുമെന്ന് ദുബൈ സർക്കാറിന്റെ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി എൻജിനീയറിങ് വിഭാഗം ഡയറക്ടർ ആരിഫ് അൽ ജനാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.