സുവൈഖ് ആശുപത്രി നിർമാണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ നിർമാണ ഘടനയിലെ പൂർത്തീകരണ നിരക്ക് നൂറ് ശതമാനത്തിലെത്തിയിട്ടുണ്ട്. ആകെ 50 ശതമാനമാണ് പൂർത്തിയായത്. 75 ദശലക്ഷം റിയാൽ ചെലവിലാണ് ആശുപത്രി ഒരുങ്ങുന്നത്. 2,87,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി ഒരുങ്ങുന്നതെന്ന് സുവൈഖ് ഹോസ്പിറ്റൽ പ്രോജക്ട് മാനേജർ എൻജിനീയർ ഹമദ് ഹരേബ് അൽ അലവി ഒമാൻ വാർത്ത ഏജൻസിയോട് (ഒ.എൻ.എ) പറഞ്ഞു. പ്രധാന കെട്ടിടത്തിന്റെ ഘടനാപരമായ ജോലികൾ പൂർത്തിയായതായും മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾക്ക് പുറമെ, സേവന കെട്ടിടം, മെഡിക്കൽ വാതകങ്ങൾക്കായുള്ള വെയർഹൗസ്,മാലിന്യങ്ങൾക്കുള്ള വെയർഹൗസ് തുടങ്ങിയ അനുബന്ധ കെട്ടിടങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡൽറ്റ് ഇന്റൻസീവ് കെയർ യൂനിറ്റ്, നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം, മാസം തികയാതെയുള്ള ശിശുക്കൾക്കുള്ള കെയർ യൂനിറ്റ്, ഡയാലിസിസ് യൂനിറ്റ്, പുനരധിവാസ വിഭാഗം, ഡെന്റൽ യൂനിറ്റ്, കാർഡിയാക് കെയർ യൂനിറ്റ് തുടങ്ങി നിരവധി ഡിപ്പാർട്മെന്റുകളും സ്പെഷ്യലിറ്റികളും ആശുപത്രിയിലുണ്ടാകും. നിർമാണം പൂർത്തിയാകുന്നതോടെ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 256 ആയി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.