കടുത്ത ചൂടും സ്കൂൾ അവധിയും; പെരുന്നാൾ നിറം മങ്ങും
text_fieldsമസ്കത്ത്: ബലിപെരുന്നാൾ വിളിപ്പാടകലെയെത്തിയെങ്കിലും നഗരങ്ങളിലും ഗ്രാമങ്ങളിലും പെരുന്നാൾ പൊലിമ കാര്യമായി അനുഭവപ്പെടുന്നില്ല. പെരുന്നാൾ അവധി ആരംഭിച്ചിട്ടും ആളുകൾ കൂട്ടമായി പുറത്തിറങ്ങാൻ തുടങ്ങിയിട്ടില്ല. പെരുന്നാൾ ചന്തകളിലും സൂഖുകളിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും വൻതിരക്ക് കാണുന്നില്ല.
സാധാരണ പെരുന്നാൾ സീസണിൽ സ്വദേശി കുടുംബങ്ങളൊന്നാകെ സൂഖുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പെരുന്നാൾ ഉൽപന്നങ്ങളും പെരുന്നാൾ പുടവകളും വാങ്ങിക്കൂട്ടാറുണ്ട്. പെരുന്നാളിന് പൊലിമ വർധിക്കുന്നതിൽ പ്രവാസി കൂടുംബങ്ങൾക്കും വലിയപങ്കുണ്ട്. എന്നാൽ ഇവ കാര്യമായി ഈ വർഷം കാണുന്നില്ല.
ഈ വർഷം ഒമാനിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് പെരുന്നാൾ ആഘോഷത്തെ ബാധിക്കുന്നുണ്ട്. ഒമാന്റെ പല ഭാഗങ്ങളിലും പകൽ കാല അന്തരീക്ഷ താപം 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തിയിട്ടുണ്ട്. ചൂട് വർധിച്ചതോടെ ജനങ്ങൾ പൊതുവെ പകൽ സമയത്ത് പുറത്തിറങ്ങാൻ മടിക്കുകയാണ്.
രാത്രി കാലങ്ങളിലാണ് പലരും പുറത്തിറങ്ങുന്നത്. അതിനാൽ രാത്രി കാലങ്ങളിൽ നഗരങ്ങളിൽ തിരക്കുണ്ട്. കടും ചൂട് വന്നതോടെ ഹൈപ്പർ മാർക്കറ്റിലേക്കാണ് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾ പോലുമെത്തുന്നത്. നഗരങ്ങളിലെ പല വസ്തുക്കൾക്കുവേണ്ടിയുള്ള കറക്കം ഒഴിവാക്കാനും ചൂടിൽനിന്ന് രക്ഷപ്പെടാനുമാണിത്. ഇതു കാരണം ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ തിരക്കും കുറഞ്ഞിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റുകൾ നൽകുന്ന ഓഫറുകളും ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്. സാധാരണ പെരുന്നാൾ സീസണിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത്തവണ പൊതുവെ വ്യാപാരം കുറവാണെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.
സ്കൂൾ വേനൽ അവധി ആരംഭിച്ചതാണ് പെരുന്നാൾ തിരക്കു കുറയാൻ ഒരു കാരണം. സ്കൂളുകളിൽ വേനൽ അവധി ആരംഭിച്ചതോടെ നിരവധി പ്രവാസി കുടുംബങ്ങളാണ് നാട്ടിലേക്കു പോയത്. പ്രവാസി കുടുംബങ്ങളുടെ അഭാവം വ്യാപാര സ്ഥാപനങ്ങളിലെ തിരക്കിനെ ബാധിച്ചിട്ടുണ്ട്. ഇത് ഈദ് ഗാഹുകളെയും മറ്റു ആഘോഷ ഇടങ്ങളെയും പ്രതികൂലമായി ബാധിക്കും.
കടും ചൂട് കാരണം ബലി പെരുന്നാൾ നമസ്കാരവും അതി രാവിലെയാണ് നടക്കുക. പെരുന്നാൾ നമസ്കാരത്തിന്റെ മസ്കത്തിലെ ഔദ്യോഗിക സമയം 6.05 ആണ്. മസ്കത്ത് ഗവർണറേറ്റുകളിലെ പള്ളികളിൽ 6.05നാണ് പെരുന്നാൾ നമസ്കാരം നടക്കുക. മറ്റു ഗവർണറേറ്റുകളിൽ പെരുന്നാൾ നമസ്കാര സമയത്തിൽ ചെറിയ മാറ്റമുണ്ട്. കടുത്ത ചൂടായതിനാൽ സ്വദേശി ഈദുഗാഹുകൾ പൊതുവെ കുറവാണ്. വിദേശി ഈദുഗാഹുകൾ ഈ വർഷം കൂടുതൽ സജീവമായിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പുതിയ ഈദുഗാഹുകൾ ഇത്തവണയുണ്ട്. കടുത്ത ചൂടുകാരണം ഇവയുടെയെല്ലാം നമസ്കാര സമയം 6.05നും മറ്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.