സയ്യിദ് ദീ യസിൻ ബെലറൂസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബെലറൂസ് പ്രധാനമന്ത്രി റോമൻ ഗൊലോവ്ചെങ്കോ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദുമായി കൂടിക്കാഴ്ചനടത്തി. ഒമാനും ബെലറൂസും തമ്മിലുള്ള സൗഹൃദബന്ധവും വിവിധ മേഖലകളിലേക്ക് അവയെ എത്തിക്കുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു. പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങളും ചർച്ച ചെയ്തു.
കഴിഞ്ഞ ദിവസം ഒമാനിലെത്തിയ പ്രധാന മന്ത്രിയെയും പ്രതിനിധി സംഘത്തെയും റോയൽ എയർ പോർട്ടിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയാണ് സ്വീകരിച്ചത്. മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ഹിലാൽ അൽ ബുസൈദി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സി (ഹെഡ് ഓഫ് ദി മിഷൻ ഓഫ് ഓണർ), റഷ്യയിലെ ഒമാൻ അംബാസഡറും ബെലറൂസിലെ നോൺ റസിഡൻറ് അംബാസഡറുമായ ഹമൂദ് സലിം അൽ തുവൈഹ്, ഒമാനിലെ ബെലറൂസ് അംബാസഡർ തുടങ്ങിയവർ സ്വീകരണ സംഘത്തിലുണ്ടായിരുന്നു.
റോയൽ ഒമാൻ പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന്റെ അകമ്പടിയോടെ സയ്യിദ് ബദർ അതിഥിയെ പ്രധാന ഹാളിലേക്ക് കൊണ്ടുപോയി. വിദേശകാര്യ ഉപ മന്ത്രി, ഒമാനിലെ ബെലറൂസ് അംബാസഡർ, കൃഷി, ഭക്ഷ്യ ഉപമന്ത്രി, വ്യവസായ ഡെപ്യൂട്ടി മന്ത്രി, ബെലറൂസ് സർക്കാറിൽനിന്നുള്ള നിരവധി ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഒമാനിലെ ഉന്നത പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.