സിറിയ: എല്ലാ കക്ഷികളും സംയമനം പാലിക്കണം -ഒമാൻ
text_fieldsമസ്കത്ത്: സിറിയയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഒമാൻ വ്യക്തമാക്കി. സിറിയൻ ജനതയുടെ ഇഷ്ടം മാനിക്കുകയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഐക്യവും പൂർണമായി സംരക്ഷിക്കുകയും വേണം.
ദേശീയ അനുരഞ്ജനം കൈവരിക്കുന്നതിനും സുരക്ഷ, സ്ഥിരത, വികസനം, അഭിവൃദ്ധി എന്നിവക്കായുള്ള സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് എല്ലാ കക്ഷികളും സ്വയം സംയമനം പാലിക്കണമെന്നും സംഘർഷം ഒഴിവാക്കണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സിറിയയിൽ പ്രതിപക്ഷ സേനയായ ഹയാത് തഹ്രീർ അൽ ശാം (എച്ച്.ടി.എസ്) ഭരണം പിടിച്ചെടുത്ത് പ്രസിഡന്റ് ബശ്ശാറുൽ അസദിനെ പുറത്താക്കിയത്.
പ്രതിപക്ഷ സേന ഡമസ്കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് ബശ്ശാറുൽ അസദ് കുടുംബത്തിനൊപ്പം രാജ്യം വിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറി. 2011ലെ പ്രക്ഷോഭത്തെ അതിജീവിച്ച് ഭരണത്തിൽ തുടർന്ന അസദിന് പൊടുന്നനെയുണ്ടായ എച്ച്.ടി.എസ് മുന്നേറ്റത്തിൽ പിടിച്ചുനിൽക്കാനായില്ല. നവംബർ 27നാണ് എച്ച്.ടി.എസ് സർക്കാർ സേനക്കെതിരെ അപ്രതീക്ഷിത പോരാട്ടത്തിന് തുടക്കം കുറിച്ചത്.
മൂന്നു ദിവസത്തിനകം രാജ്യത്തെ രണ്ടാമത്തെ നഗരമായ അലപ്പോ കീഴടക്കി. കഴിഞ്ഞദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹിംസ് കീഴടക്കിയ ശേഷമാണ് പ്രതിപക്ഷ സേന ഡമസ്കസ് ലക്ഷ്യമാക്കി നീങ്ങിയത്. പ്രധാന നഗരങ്ങളിൽനിന്ന് സർക്കാർ സൈന്യം പിൻവാങ്ങിയതോടെ രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.