തസ്നീമും സുഹൃത്തുക്കളും കൈകോർത്തു: ജീവിതത്തിലേക്ക് തിരിച്ചുനടന്ന് സൂഖിന്റെ ‘സുൽത്താൻ’
text_fieldsമത്ര: സൂഖിലെ പോര്ബമ്പയിലെ മഹാരാഷ്ട്ര സ്വദേശി തസ്നീമിന്റെയും മലയാളി സുഹൃത്തുക്കളുടെയും കാരുണ്യത്തിൽ സൂഖിന്റെ ‘സുൽത്താൻ’ ജീവിതത്തിലേക്ക് തിരിച്ചുനടന്നു. ദിനേന കണ്മുന്നില് കാണുകയും തങ്ങളോട് തൊട്ടുരുമ്മി കളിച്ച് സ്നേഹം പകരുകയും ചെയ്യുന്ന സുൽത്താനെന്ന പൂച്ചയെ പെട്ടന്നാണ് രോഗാവസ്ഥയിൽ കാണുന്നത്.
ഭക്ഷണംപോലും കഴിക്കാനാകാതെ രോഗം പിടിച്ചു കിടക്കുന്നത് കണ്ട് തസ്നീമിനും മലയാളി സുഹൃത്തുക്കള്‍ക്കും സങ്കടം തോന്നി. സ്വതവേ ഉത്സാഹത്തിലും ഊര്‍ജസ്വലതയിലും കാണുന്ന, സൂഖിലുള്ളവര് സുല്‍ത്താന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പൂച്ചയുടെ ദയനീയ ഭാവം കണ്ടതോടെ ഇവരുടെ മനസ്സ് നൊന്തു.
പൂച്ചയുടെ ജീവന് അപകടത്തിലാണെന്നും അടിയന്തര ശുശ്രൂഷ ആവശ്യമുണ്ടെന്നും മനസ്സിലാക്കി ചികിത്സിക്കാനുള്ള മാർഗം തേടിയപ്പോഴാണ് കോറത്ത് അതിനുള്ള സംവിധാനമുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. അങ്ങനെ കോറത്തുള്ള കാപിറ്റല്‍ വെറ്ററിനറി ക്ലിനിക്കില്‍ പൂച്ചയെ എത്തിക്കുകയായിരുന്നു. ചികിത്സക്കായി പൂച്ചയെ ഒരാഴ്ച അവിടെ അഡ്മിറ്റ് ചെയ്തു. ദിവസവും തസ്നീം ഡോക്ടറെ വിളിച്ചും നേരിട്ട് പോയി കണ്ടും ചികിത്സയിലെ പുരോഗതി വിലയിരുത്തിക്കൊണ്ടിരുന്നു. ഡിസ്ചാർജ് ചെയ്തു കൊണ്ടുവന്നതും തസ്നീമാണ്. 50 റിയാലിനു മുകളില്‍ ചികിത്സക്ക് ചെലവായതായി തസ്നീം പറഞ്ഞു. പൂച്ചയുടെ പരിചരണം നടത്തിയതിനും തസ്നീമിനും സംഘത്തിനും നിരവധി പേർ ആശംസ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.