നികുതി ബോധവത്കരണം; കാമ്പയിനുമായി ടാക്സ് അതോറിറ്റി
text_fieldsമസ്കത്ത്: നികുതി ബോധവത്കരണം ലക്ഷ്യമിട്ട് ‘ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക’ കാമ്പയിനുമായി ടാക്സ് അതോറിറ്റി. സംരംഭകരെ രജിസ്റ്റർ ചെയ്യുന്നതിനും അവരുടെ നികുതി ബാധ്യതകൾ നിറവേറ്റുന്നതിനും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിയൽ എസ്റ്റേറ്റ്, കരാർ മേഖലകളിലെ ബിസിനസ് ഉടമകളിൽ അവബോധം വളർത്താനാണ് കാമ്പയിൻ ശ്രമിക്കുന്നതെന്ന് ടാക്സ് അതോറിറ്റി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നികുതി രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, നിയമപരമായ പ്രത്യാഘാതങ്ങളുടെ അപകടസാധ്യത കുറക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച അമീറാത്ത്, മസ്കത്ത്, ബൗഷർ, സീബ് എന്നീ വിലായത്തുകളിലാണ് പ്രചാരണം നടത്തിയത്.
നികുതി അടക്കുന്നതിനെക്കുറിച്ച് വിവിധ മേഖലകളെ ബോധവത്കരിക്കുന്നതിനും ടാക്സ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായിരുന്നു കാമ്പയിൻ. ഒമാനി സംരംഭകരെ പിന്തുണക്കുന്നതിന്റെ ഭാഗമായി അതോറിറ്റി നിരവധി നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്രോത്സാഹനം സ്വകാര്യമേഖലയിലെ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും വ്യക്തികളെ അവരുടെ സ്വന്തം പദ്ധതികൾ പിന്തുടരുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ‘ഞങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക’ കാമ്പയിനിലൂടെ, എല്ലാ തലങ്ങളിലുമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ നികുതി അടക്കുന്ന സംസ്കാരം വളർത്തിയെടുക്കാൻ അതോറിറ്റി ശ്രമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.