ടാക്സികളിൽ മീറ്റർ സംവിധാനം ഇന്നുമുതൽ
text_fieldsമസ്കത്ത്: ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള ആബർ ടാക്സി മൊബൈൽ ആപ് ജൂൺ ഒന്നു മുതൽ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കും. ഗതാഗത നിരക്ക് നിർണയിക്കുന്നത് സംബന്ധിച്ച് 2018 ഡിസംബർ 26ന് പുറപ്പെടുവിച്ച മന്ത്രിതല പ്രമേയം 195/2018ലെ വ്യവസ്ഥകൾ പ്രകാരം ടാക്സികളുടെ പ്രവർത്തനം നിയന്ത്രിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. സ്ട്രീറ്റ് ടാക്സികളിൽ മാത്രമേ ആബർ ഡിജിറ്റൽ മീറ്റർ ഉപയോഗിക്കൂ.
എന്നാൽ ഇത് ഒ ടാക്സി, ഉബർ, മുവാസലാത്ത് ടാക്സി, എയർ പോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് ആപ് ബാധകമായിരിക്കില്ല. മീറ്റർ ടാക്സികൾ എന്ന ആശയത്തിന് ഏറെ വർഷങ്ങളുടെ പാരമ്പര്യമുണ്ട്. നിരവധി തവണ ഇത് സംബന്ധമായ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തെ എല്ലാ ഓറഞ്ച്, വൈറ്റ് സ്ട്രീറ്റ് ടാക്സികളും പുതുതായി പുറത്തിറക്കിയ ആബർ ടാക്സി മീറ്റർ മൊബൈൽ ആപ് ഉപയോഗിച്ചായിരിക്കും വ്യാഴാഴ്ച മുതൽ പ്രവർത്തിക്കുക. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
അതേസമയം, ടാക്സികളിൽ മീറ്ററുകൾ സ്ഥാപിക്കുന്നത് ബസുകളിലും മിനി ബസുകളിലും തിരക്ക് വർധിക്കാൻ കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ചെറിയ ടാക്സികളിൽ മീറ്റർ ഘടിപ്പിക്കുന്നതോടെ കുറഞ്ഞ വരുമാനക്കാരിൽ പലരും താരതമ്യേന ചെലവുകുറഞ്ഞ ബസുകളിലും മിനി ബസുകളിലും യാത്ര ചെയ്യാനാണ് സാധ്യത. മീറ്ററുകൾ ഘടിപ്പിക്കുന്നത് വിനോദസഞ്ചാരികൾക്കും ഉയർന്ന ശമ്പളക്കാർക്കും അനുഗ്രഹമാണെങ്കിലും ചെറിയ ശമ്പളക്കാർക്ക് ചില്ലറ പ്രതിസന്ധികൾ ഉണ്ടാക്കും. മീറ്റർ ടാക്സികളുടെ നിരക്കുകൾ ആരംഭിക്കുന്നത് 300 ബൈസയിലാണ്.
പിന്നീടുള്ള ഓരോ കി.മീറ്ററിനും 130 ബൈസ വീതം നൽകണം. ഇതനുസരിച്ച് മീറ്റർ ടാക്സിയിൽ പത്തു കിലോമീറ്ററെങ്കിലും യാത്ര ചെയ്യുന്നവർ 1.600 ബൈസയെങ്കിലും നൽകേണ്ടി വരും. ഇത് യാത്രക്കാരിൽ നിന്നും വീതിച്ചെടുക്കുമ്പോൾ ഒരാൾ 400 ബൈസയാകും. ഇപ്പോൾ ഷെയറിങ് ടാക്സിയിൽ യാത്ര ചെയ്യുന്നവർ 300 ബൈസയാണ് ഇത്രയു യാത്രക്ക് നൽകുന്നത്. നിയമം കർശനമായി നടപ്പാക്കുകയാണെങ്കിൽ നാല് യാത്രക്കാരെ ഒപ്പിക്കന്നതടക്കമുള്ള ചുമതല യാത്രക്കാർക്കായിരിക്കും. യാത്രക്കാരെ കിട്ടിയില്ലെങ്കിൽ നിരക്ക് വർധിക്കുകയും ചെയ്യും. നിലവിൽ കാറിൽ യാത്രക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വാഹനം ഓടിക്കുന്നവരാണ് അത് സഹിക്കേണ്ടത്. യാത്രക്കാരൻ നിശ്ചയിച്ച നിരക്ക് മാത്രം നൽകിയാൽ മതിയാവും.
കാറിൽ യാത്രക്കാർ കൂടുന്നതും കുറയുന്നതും അവരെ ബാധിക്കാറില്ല.മീറ്റർ ടാക്സി നിലവിൽ വരുന്നത് പ്രധാന നഗരങ്ങളിൽനിന്ന് വിട്ട് ചെറിയ സ്റ്റോപ്പുകളിൽ വാഹനം കാത്തുനിൽക്കുന്നവർക്ക് വലിയ പ്രതിസന്ധിയാവും. ഇത്തരക്കാർക്ക് മീറ്റർ ടാക്സിയുടെ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല. മീറ്റർ ടാക്സികൾ പലതും നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നതിനാൽ ഇവയുടെ സേവനം ചെറിയ സ്റ്റോപ്പുകളിൽ കിട്ടാനിടയില്ല. കിട്ടിയാൽതന്നെ നിരക്കുകൾ ഷെയർ ചെയ്യാൻ സഹ യാത്രക്കാരെയും ലഭിക്കില്ല. അതിനാൽ ഇത്തരക്കാർ മുഴുവൻ നിരക്കുകളും നൽകേണ്ടി വരും.
നിരക്കുകൾ ഇപ്രകാരം
മിനിമം ചാർജ് 300 ബൈസ
പിന്നീട് വരുന്ന ഓരാ കിലോമീറ്ററിനും 130 ബൈസ ഈടാക്കും
സൗജന്യ അഞ്ചു മിനിറ്റ് കാത്തിരിപ്പിന് ശേഷം പിന്നീട് ഓരോ മിനിറ്റിനും 50 ബൈസ കാത്തിരിപ്പ് ചാർജായി നൽകണം
യാത്രയുടെ തുടക്കത്തിൽ മീറ്റർ ഉപയോഗിക്കാൻ ഡ്രൈവർ ബാധ്യസ്ഥനാണ്. അല്ലെങ്കിൽ മുഴുവൻ യാത്രയും സൗജന്യമായി കണക്കാക്കും.
ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ നിരക്ക് തുല്യമായി വിഭജിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.