ടാക്സികൾക്ക് മീറ്റർ നിർബന്ധമാക്കൽ ഉടൻ -മന്ത്രി ഫുതൈസി
text_fieldsമസ്കത്ത്: ഒമാനിലെ മുഴുവൻ ടാക്സികൾക്കും വൈകാതെ മീറ്റർ നിർബന്ധമാക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹ്മ്മദ് അൽ ഫുതൈസി. വാടക കാറുകൾക്കെല്ലാം നിർബന്ധമായും മീറ്റർ വെക്കണമെന്നതാണ് പുതിയ കര ഗതാഗത നിയമം നിർദേശിക്കുന്നത്. മീറ്ററില്ലാത്ത ടാക്സികൾ അനുവദിക്കാൻ കഴിയില്ല. പ്രയാസമേറിയതാണ് ഇക്കാര്യമെങ്കിലും ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മസ്കത്തിൽ മന്ത്രാലയത്തിെൻറ വികസന പദ്ധതികൾ വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഒമാനിൽനിന്നുള്ള ധാതുകയറ്റുമതി വർധിപ്പിക്കുകയാണ് ലക്ഷ്യം. സൊഹാർ തുറമുഖം വഴി ബ്ലാക്ക് ഗ്രാനൈറ്റ് എന്നറിയപ്പെടുന്ന ഗബ്രോയുടെയും ചുണ്ണാമ്പുകല്ലിെൻറയും സലാല തുറമുഖത്ത്നിന്ന് ജിപ്സത്തിെൻറയും കയറ്റുമതി വർധിപ്പിക്കും. പ്രതിവർഷം 15 ദശലക്ഷം ടൺ എന്ന തോതിലേക്ക് കയറ്റുമതി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സൊഹാർ- ബുറൈമി റെയിൽവേ ലൈനിെൻറ നിർമാണം മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പ്രതികരണം ലഭിച്ച ശേഷമേ തുടങ്ങുകയുള്ളൂ. ധാതു കയറ്റുമതി വേഗത്തിലാക്കാൻ ദോഫാർ ഗവർണറേറ്റിലെ ഷുവൈമിയയിൽനിന്ന് ദുകം തുറമുഖത്തേക്ക് റെയിൽവേ ലൈൻ നിർമിക്കുന്നത് പ്രത്യേകം പരിഗണിച്ചുവരുകയാണ്.
പുതിയ കരഗതാഗത നിയമവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും ലൈസൻസ് നൽകുന്നതിനുമായി ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കാൻ പദ്ധതിയുണ്ട്. മന്ത്രാലയത്തിെൻറ കീഴിലുള്ള പബ്ലിക് കമ്പനിയുടെ കീഴിലായിരിക്കും ഇൗ ഇലക്ട്രോണിക് സംവിധാനം. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ ടിക്കറ്റ് വെൻഡിങ് മെഷീനുകളും ബസ് ട്രാക്കിങ് സംവിധാനങ്ങളും സ്ഥാപിക്കും. തലസ്ഥാന ഗവർണറേറ്റിൽ മുവാസലാത്ത് ഇൗ വർഷം പത്തു പുതിയ റൂട്ടുകളിൽ സർവിസ് ആരംഭിക്കും. പുതിയ വിമാനത്താവളത്തിൽനിന്ന് റൂവിയിലേക്കും ബുർജ് അൽ സഹ്വയിലേക്കും രണ്ട് സർവിസുകൾ ആരംഭിക്കും. റൂവി -മത്ര, റൂവി -വാദി കബീർ സർവിസുകൾ വരുംമാസങ്ങളിൽ അൽ ബുസ്താൻ മേഖലയിലേക്ക് നീട്ടും. അസൈബയിൽനിന്ന് അൽ അൻസാബ്, ബോഷർ എന്നിവിടങ്ങളിലേക്ക് സർവിസ് തുടങ്ങും. വതയ്യ-മിന അൽ ഫഹൽ; മബേല-സീബ് സൂഖ്-ബുർജ് അൽ സഹ്വ, ബുർജ് അൽ സഹ്വ-റുസൈൽ-നോളജ് ഒയാസിസ്, അൽഖൂദ്-മവേല സെൻട്രൽ മാർക്കറ്റ്-നോളജ് ഒയാസിസ്, അൽഖൂദ്-സൗത് മവേല-ബുർജ് അൽ സഹ്വ, അൽ ഖുവൈർ-നോർത് മവേല, ബുർജ് അൽ സഹ്വ-ബോഷർ-അൽ ഖുവൈർ എന്നിവിടങ്ങളിലേക്കും പുതിയ സർവിസുകൾ തുടങ്ങും. മസ്കത്തിൽനിന്ന് സലാല, ദുകം, ബുറൈമി, ഷന്ന, റുസ്താഖ്,മസ്യൂന, മർമൂൽ എന്നിവിടങ്ങളിലേക്ക് ദീർഘദൂര സർവിസുകളും ഇൗ വർഷം തുടങ്ങും. സൊഹാറിലും സലാലയിലും പൊതുഗതാഗത സംവിധാനം തുടങ്ങാനും പദ്ധതിയുണ്ട്. സുവൈഖ്, ഷിനാസ്, കസബ്, മസീറ തുറമുഖങ്ങളുടെ മേൽനോട്ടത്തിന് പുതിയ കമ്പനി രൂപവത്കരിക്കുകയും ചെയ്യും. ദേശീയ ഇ-കോമേഴ്സ് നയത്തിന് ഇൗ വർഷം രൂപം നൽകും. മൂന്നാമത്തെ ടെലികോം ഒാപറേറ്റർക്കുള്ള ലൈസൻസ് ഇൗ വർഷം നൽകുമെന്നുപറഞ്ഞ അദ്ദേഹം, ഉപഗ്രഹ വിക്ഷേപണ പദ്ധതിക്കുള്ള ടെൻഡറും വൈകാതെ നൽകുമെന്ന് കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം 833 ദശലക്ഷം റിയാൽ ചെലവിൽ 744 കിലോമീറ്റർ റോഡ് നിർമിച്ചതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ മുഹമ്മദ് അൽ നുെഎമി പറഞ്ഞു. ഇൗ വർഷം 342 കിലോമീറ്റർ ടാർ റോഡ് കൂടി നിർമിക്കും. പുതിയ മസ്കത്ത് വിമാനത്താവള ടെർമിനൽ ഉദ്ഘാടനം ഇൗമാസം 20ന് നടക്കുെമന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബി പറഞ്ഞു. പുതിയ എയർ കാർഗോ കെട്ടിടത്തിെൻറ ഉദ്ഘാടനം 19നും നടക്കും. സപ്ലൈ ആൻഡ് എയർക്രാഫ്റ്റ് മെയിൻറനൻസ് കെട്ടിടത്തിെൻറ നിർമാണം ഇൗ വർഷം പൂർത്തീകരിക്കുന്നതിനൊപ്പം തെക്കുഭാഗത്തെ റൺവേയുടെ പുനർനിർമാണത്തിനുള്ള കരാർ ഇൗ വർഷം നൽകുമെന്നും അൽ സാബി പറഞ്ഞു. പോർട്ട്സ് ആൻഡ് മാരിടൈം അഫയേഴ്സ് മന്ത്രാലയം അണ്ടർ സെക്രട്ടറി സൈദ് ബിൻ ഹംദൂൻ അൽ ഹാർത്തിയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.