തേജ്: ആശങ്ക ഒഴിയുന്നു
text_fieldsമസ്കത്ത്: ഏറെ ഭീതി വിതച്ചെത്തിയ തേജ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങളൊന്നും വിതക്കാതെ ഒഴിഞ്ഞുപോകുന്നതിന്റെ ആശ്വാസത്തിലാണ് ദോഫാർ, അൽവുസ്ത ഗവർണറേറ്റിലെ ജനങ്ങൾ. ഇരു ഗവർണറേറ്റിലെയും വിവിധ വിലായത്തുകളിൽ കനത്ത മഴയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലഭിച്ചത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ ഘട്ടങ്ങളിലൂടെ കാറ്റഗറി നാലിൽ എത്തിയ തേജ് ഒമാൻ തീരത്തേക്ക് എത്തിയപ്പോഴേക്കും ശക്തി ക്ഷയിച്ച് ഒന്നിലേക്ക് മാറിയിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് കാറ്റ് യമനിലെ അൽ മഹ്റ ഗവർണറേറ്റിൽ കരതൊട്ടത്. നിലവിൽ തേജ് ശക്തി കുറഞ്ഞ് ഉഷ്ണ മേഖലക്കാറ്റായിട്ടുണ്ട്. യമൻ കടന്ന് സൗദിയിലേക്കാണ് കാറ്റ് നീങ്ങുക.
കഴിഞ്ഞ ദിവസങ്ങളിൽ സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യൂത്ത്, ധാൽക്യൂത്ത് സലാല തുടങ്ങിയ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. നേരിയ തോതിൽ തുടങ്ങിയ മഴ അർധരാത്രിയോടെ ശക്തിയാർജിക്കുകയായിരുന്നു. പലയിടത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി ചെറിയതോതിൽ ഗതാഗത തടസ്സവും നേരിട്ടു. അഷ്ദാൻ, ദഹ്നൗത്ത്, ഹദ്ബരാം, റഖ്യൂത്ത്, ഹാസിക് തുടങ്ങി വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിദേശിച്ചു. വരും മണിക്കൂറുകളിലും ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം, ചുഴലിക്കാറ്റിന്റെ ഭാഗമായി തെക്ക്-വടക്ക് ബത്തിന, ദാഖിലിയ, ബുറൈമി, ദാഹിറ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിലെ പർവത പ്രദേശങ്ങളിലും മഴ ലഭിച്ചു. ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാൻ മികച്ച മുന്നൊരുക്കമായിരുന്നു അധികൃതർ നടത്തിയിരുന്നത്. ദോഫാറിൽ 15,000 പേർക്ക് താമസിക്കാനായി 69 ദുരിതാശ്വാസ കേന്ദ്രങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഹലാനിയത്ത് ഐലൻഡ്സ്, സലാല, റഖ്യൂത്ത്, ധൽകോട്ട് എന്നീ വിലായത്തുകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയും ഒഴിപ്പിച്ചു. എന്നാൽ, അത്യാഹിത കേസുകൾ സലാലയിലെ കാർഡിയാക് മെഡിസിൻ ആൻഡ് സർജറി സെന്ററിന്റെ കെട്ടിടത്തിലും സലാലയിലെ ആംഡ് ഫോഴ്സ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലും സ്വീകരിക്കും. ചില റൂട്ടുകളിൽ ബസ്, ഫെറി സർവീസുകൾ, മുവാസലാത്ത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. റൂട്ട് 100 (മസ്കത്ത്-ഹൈമ-സലാല), റൂട്ട് 102 (മസ്കത്ത്-മർമുൽ- സലാല) എന്നീ സർവിസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അതേസമയം, മറ്റു റൂട്ടുകളിൽ പ്രവർത്തനം പതിവുപോലെ തുടരും.
അധികൃതരുമായി സംഭവവികാസങ്ങൾ പിന്തുടരുകയാണെന്നും കമ്പനിയുടെ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള വിവരങ്ങൾ ഉപയോക്താക്കളെ അറിയിക്കുമെന്നും മുവാസലാത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.