താപനില വീണ്ടും കുറഞ്ഞു; തണുത്തുവിറച്ച് ഒമാൻ
text_fieldsമസ്കത്ത്: താപനില വീണ്ടും കുറഞ്ഞതോടെ സുൽത്താനേറ്റ് തണുത്തുവിറക്കുന്നു. വിവിധ ഗവർണറേറ്റുകളിൽ ഈവർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പലയിടത്തും അനുഭവപ്പെടുന്നത്. സ്വദേശികളും വിദേശികളുമടക്കം തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് പുറത്തിറങ്ങുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ ശംസിൽ ബുധനാഴ്ച രാവിലെ മൈനസ് നാല് ഡിഗ്രിയായിരുന്നു താപനില. ഇതോടെ മഞ്ഞ് പെയ്യുന്നതും ശക്തമായി.
ചൊവ്വാഴ്ച മൈനസ് രണ്ട് ഡിഗ്രിയും തിങ്കളാഴ്ച മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു ഇവിടത്തെ താപനില. 2003ൽ നിരീക്ഷണം ആരംഭിച്ചതിനുശേഷം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 2015 ജനുവരിയിൽ ആണ്. മൈനസ് 9.7 ഡിഗ്രി സെൽഷ്യസ് ആണ് അന്ന് ഇവിടെ അനുഭവപ്പെട്ട താപനില. ദാഖിലിയ ഗവർണറേറ്റിലെ സൈഖിൽ 2.9 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. മസ്കത്തിൽ പരമാവധി താപനില 22 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും. സുഹാറിലും സൂറിലും താപനില സമാനമായിരിക്കും. അതേസമയം, സലാലയിലും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലേതുപോലെ താപനിലയിൽ കുറവുവരുമെന്നാണ് കരുതുന്നത്.
ജബൽ ശംസിൽ കൊടും തണുപ്പ് ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, തൊണ്ടയിലെ അണുബാധ, പനി തുടങ്ങിയ ജലദോഷവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഒഴിവാക്കാൻ ജബൽ ശംസിലെ സന്ദർശകർ ഉചിതമായ ശൈത്യകാല വസ്ത്രങ്ങൾ ധരിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.