താപനില 50 ഡിഗ്രിയിലേക്ക്; വേണം മുൻകരുതൽ
text_fieldsമസ്കത്ത്: രാജ്യത്ത് ചൂടിന് ശമനമില്ലാതെ തുടരുന്നു. പലയിടത്തും 48 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർ താപനില രേഖപ്പെടുത്തിയത് ദാഹിറ ഗവർണറേറ്റിലെ ഹംറ അദ്ദുരു സ്റ്റേഷനിലാണ്. 48.9 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്. 48.6 ഡിഗ്രി സെൽഷ്യസുമായി ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷൻ, 48.1 ഡിഗ്രി സെൽഷ്യസുമായി അൽ വുസ്ത ഗവർണറേറ്റിലെ ഫഹൂദ് സ്റ്റേഷൻ എന്നിവയാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മറ്റു സ്ഥലങ്ങൾ. ബുറൈമി ഗവർണറേറ്റിലെ അൽ ബുറൈമി സ്റ്റേഷനിൽ 47.7 ഡിഗ്രി സെൽഷ്യസും ദാഹിറ ഗവർണറേറ്റിലെ ഇബ്രി സ്റ്റേഷനിലും സമൈമിലും 47.1 ഡിഗ്രി സെൽഷ്യസും ചൂട് അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ചൂട് കൂടുന്നതോടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിനെ പ്രതിരോധിക്കാൻ മുൻ കരുതലുകൾ അനിവാര്യമാണ്. ചൂട് ഉയർന്നതോടെ പകൽ പുറത്തിറങ്ങുന്നത് ആളുകൾ കുറച്ചിട്ടുണ്ട്. സൂഖുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം തിരക്ക് കുറവാണ്.
അയഞ്ഞ വസ്ത്രങ്ങളിലേക്ക് മാറാം
മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് വ്യാപകമായ ചര്‍മ രോഗങ്ങൾ പിടിപെടാം. ഇവർ ഡോക്ടറുടെ ഉപദേശം തേടണം. വെയിലുകൊണ്ട് ജോലി ചെയ്യുന്നവര്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കണം. പൈപ്പുകളിൽ ചൂടുവെള്ളം വരുന്നത് ഒഴിവാക്കാൻ നേരത്തെ വെള്ളം സംഭരിച്ചു വെച്ച് വേണം കുളിക്കാൻ. അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണ്.ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നത് ശരീരത്തിന് ഗുണകരമല്ല. പുറത്തിറങ്ങുമ്പോള്‍ തൊപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊണ്ട് തല മറക്കണം. കണ്ണില്‍ നേരിട്ട് വെയിലുകൊള്ളുന്നത് തടയാന്‍ കൂളിങ് ഗ്ലാസ് ധരിക്കാം. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം
ഭക്ഷണത്തിൽ ശ്രദ്ധവേണം
പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ചൂടുകാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നത് ദഹനത്തെ സഹായിക്കും. പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറക്കാം. ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വെയിലത്തുനിന്ന് വന്ന ഉടന്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ചൂടുകാലത്ത് കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. പഞ്ചസാര ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കണം. പ്രത്യേകിച്ച് സോഫ്റ്റ് ഡ്രിങ്കുകളും കാപ്പിയും. ഭക്ഷണം കൃത്യസമയത്ത് കഴിക്കണം.
താപവ്യതിയാനങ്ങളും പ്രശ്നം
പുറത്തെ വെയിലിന്റെ ചൂടും അകത്തെ എ.സി.യുടെ കൃത്രിമ തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാന്‍ കാരണമാകുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കഠിനമായ ചൂടില്‍നിന്ന് നേരെ എ.സി.യുടെ തണുപ്പിലേക്ക് വരുമ്പോഴും വൈറല്‍ പനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ശരീരത്തിന്റെ താപം പെട്ടെന്ന് കുറയുന്നതാണ് പ്രധാനകാരണം. ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ഫംഗസ് ബാധക്കും സാധ്യത ഏറെയാണ്.തുടര്‍ച്ചയായി എ.സി.യില്‍ ജോലിചെയ്യുന്നവര്‍ക്കും അതിന്റേതായ ശാരീരിക പ്രയാസം അനുഭവപ്പെടുന്നു. വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അലര്‍ജി ജന്യമായ കാരണങ്ങളാല്‍ പിടിപെടുന്നു. ഈ രോഗം വരുമ്പോള്‍ ചികിത്സതേടണം. എ.സി.യുടെ ഫില്‍ട്ടറില്‍നിന്നും വരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിനൊരു പ്രധാന കാരണമാണ്. അതിനാല്‍ എ.സി.യുടെ ഫില്‍ട്ടര്‍ ഇടക്കിടക്ക് വൃത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.