മുത്തപ്പൻ തിരുവപ്പന മഹോത്സവം അരങ്ങേറി
text_fieldsദാർസൈത്ത് ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ അരങ്ങേറിയ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിൽനിന്ന്
മസ്കത്ത്: പയ്യന്നൂർ സൗഹൃദവേദി മസ്കത്തിന്റെ ആഭിമുഖ്യത്തിൽ ദാർസൈത്ത് ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ആഘോഷിച്ചു. പറശ്ശിനിക്കടവിലെ അതേ ആചാരാനുഷ്ടാനങ്ങളോടെയായിരുന്നു മഹോത്സവം നടത്തിയത്. ഇതിനായി പ്രശസ്ത തെയ്യം കലാകാരൻ അനീഷ് പെരുവണ്ണാന്റെ നേതൃത്വത്തിൽ ഒമ്പത് പേരടങ്ങുന്ന സംഘമാണ് നാട്ടിൽനിന്നും വന്നത്. വടക്കേമലബാറിലെ, പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ മാത്രം പ്രത്യേകതയാണ് നൂറുകണക്കിന് വരുന്ന തെയ്യക്കോലങ്ങൾ. അതിൽ ഏറ്റവും ജനകീയമായ തെയ്യമാണ് ശ്രീ മുത്തപ്പൻ. പ്രസിദ്ധിയാർജിച്ച മുത്തപ്പൻ മഠപ്പുര കണ്ണൂരിലെ പറശ്ശിനിപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഓരോ തെയ്യത്തിനു പിന്നിലും ഓരോ ഐതീഹ്യങ്ങളുണ്ട്. ഒരേ പേരിൽ രണ്ടു മൂർത്തികൾ അതാണ് ശ്രീമുത്തപ്പന്റെ ഏറ്റവും വലിയ പ്രത്യേകത. മസ്ക്ത്തിൽ താൽകാലികമായി നിർമ്മിച്ച മoപ്പുരയിലാണ് ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം അരങ്ങേറിയത്. മസ്കത്തിലെ മാത്രമല്ല ഒമാനിലെ മറ്റു ഗവർണറേറ്റുകളിൽനിന്നുപോലും ആയിരങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. മസ്ക്ത്തിലെ അറിയപ്പെടുന്ന കലാസാംസ്കാരിക സംഘടനയായ പയ്യന്നൂർ സൗഹൃദ വേദിയുടെ മറ്റൊരു നാഴികക്കല്ലായി മാറി ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.