ഉൽപാദനം കുറഞ്ഞു; സലാലയിൽ കരിക്ക് കിട്ടാക്കനി
text_fieldsമസ്കത്ത്: സലാലയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് സലാലയിലെ തെങ്ങിൻ തോപ്പുകളും കരിക്കുകളും. തോട്ടത്തിൽനിന്ന് നേരിട്ടെത്തുന്ന കരിക്കുകൾ സലാല നഗരത്തിലെ ഇളനീർ പന്തലുകളിൽ നിരന്നുനിൽക്കുന്ന കാഴ്ച കൺകുളിർമയേകുന്നതാണ്. അവിടെയിരുന്ന് കരിക്കിൻ വെള്ളം കുടിക്കാൻ പ്രത്യേക അനുഭൂതിയുമാണ്. സലാലയിലെത്തുന്ന സന്ദർശകരെല്ലാം ഏറ്റവും കൂടുതൽ അന്വേഷിക്കുന്നതും വാങ്ങുന്നതും ഈ കരിക്കുകൾ തന്നെയാണ്. അതിനാൽ, ഖരീഫ് സീസണിൽ മികച്ച വ്യാപാരമാണ് കരിക്കിൻ കച്ചവടക്കാർക്ക് ലഭിക്കുന്നത്. തെങ്ങിൻ തോപ്പുകൾ പാട്ടത്തിനെടുത്ത് കരിക്ക് വ്യാപാരം നടത്തുന്ന നിരവധി മലയാളികൾ ഈ മേഖലയിലുണ്ട്. ഒരു കാലത്ത് മലയാളികളുടെ മാത്രം കുത്തകയായിരുന്ന ഈ മേഖലയിലിപ്പോൾ ബംഗ്ലാദേശികൾ കൂടി സജീവമായുണ്ട്.
എന്നാൽ, ഇത്തവണ സംഗതികൾ മാറി മറിഞ്ഞ അവസ്ഥയാണ്. കരിക്കുകൾ കിട്ടാനില്ല. സലാലയിൽ ഇളനീർ ഉൽപാദനം ഗണ്യമായി കുറഞ്ഞ അവസ്ഥയാണ്. തെങ്ങുകളെ ബാധിച്ച പ്രത്യേക രോഗം കാരണമാണിത്. വൻ നഷ്ടമാണ് ഈ മേഖലയിലുള്ളവർ നേരിടുന്നത്. രോഗം തടയാൻ കാർഷിക മന്ത്രാലയം അധികൃതർ മൂന്ന് തവണ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിച്ചെങ്കിലും ചുരുങ്ങിയ ഇടവേളക്ക് ശേഷം വീണ്ടും തെങ്ങുകളെ ബാധിക്കുന്ന കീടങ്ങൾ മടങ്ങിയെത്തുന്നത് തെങ്ങ് കൃഷിക്കാർക്ക് വൻഭീഷണിയായിക്കയാണ്. ഇതോടെ തെങ്ങിൻ തോപ്പുകൾ പാട്ടത്തിനെടുക്കുന്നവർ പലരും രംഗം വിടുകയാണ്.
തെങ്ങുകൾക്ക് രോഗം ബാധിച്ചതിനാൽ ഈ വർഷം കരിക്കുകൾ തീരെ കുറവാണെന്നും അതിനാൽ കരിക്ക് ചോദിച്ചെത്തുന്നവർക്ക് നൽകാൻ കഴിയുന്നില്ലെന്നും സലാലയിൽ ഇളനീർ പന്തൽ നടത്തുന്ന വടകര, പൈങ്ങോട്ടായി സ്വദേശി പങ്കജാക്ഷൻ പറഞ്ഞു. ഇപ്പോൾ ദിവസവും വളരെക്കുറച്ച് കരിക്കുകൾ മാത്രമാണ് തോട്ടങ്ങളിൽ നിന്ന് വരുന്നത്. അത് എത്തുമ്പോൾ തന്നെ തീർന്ന് പോവുകയും ചെയ്യുന്നു. കരിക്ക് എത്തുമ്പോൾ ക്യൂ നിന്നാണ് കരിക്കുകൾ വാങ്ങുന്നത്.
പലരും കരിക്ക് കിട്ടാൻ വേണ്ടി 20 ഉം 30 ഉം കടകൾ കയറി ഇറങ്ങുന്നുണ്ട്. കുടുംബത്തോടൊപ്പമെത്തുന്ന കുട്ടികൾ കരിക്കിന് വേണ്ടി ശാഠ്യം പിടിക്കാറുണ്ട്. ഗത്യന്തരമില്ലാതെ വരുമ്പോൾ തേങ്ങകൾ വരെ ചെത്തിക്കൊടുത്താണ് പ്രശ്നം പരിഹരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മസ്കത്തിലും മറ്റും കൂടുതൽ വില കൊടുത്താൽ കരിക്ക് ലഭിക്കും. എന്നാൽ, സലാലയിൽ കൂടുതൽ വില കൊടുത്താൽ പോലും കരിക്ക് ലഭിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സലാലയിൽ നിന്ന് മസ്കത്ത് അടക്കമുള്ളയിടങ്ങളിലേക്ക് കരിക്ക് കയറ്റി അയക്കുന്നത് ഖരീഫ് കാലത്ത് കുറച്ചാൽ പ്രശ്നം കുറച്ചെങ്കിലും പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം വരെ ഖരീഫ് കാലത്തെ പ്രധാന കച്ചവടം കരിക്കായിരുന്നു. ഖരീഫ് കാലത്ത് കരിക്ക് വിൽക്കാൻ നിരവധി ഒരുക്കങ്ങളാണ് കർഷകർ നടത്തുന്നത്. തോട്ടങ്ങൾ പാട്ടത്തിനെടുത്ത് തെങ്ങിന് വെള്ളവും വളവും നൽകി ഖരീഫ് സീസണിനായി കരുതി വെക്കുകയാണ് ചെയ്യുന്നത്. ഖരീഫ് സീസണിൽ ലഭിക്കുന്ന കർഷകർക്ക് നല്ല വ്യാപാരം ലഭിക്കാറുമുണ്ട്. തെങ്ങിന് രോഗങ്ങളും മറ്റ് പ്രതിസന്ധിയും വന്നതോടെ തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നത് ഒഴിവാക്കിയതായി പങ്കജാക്ഷൻ പറഞ്ഞു. നേരത്തെ മൂന്നും നാലും തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കരിക്ക് വ്യാപാരം നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ഇതെല്ലാം ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.
കരിക്കുകൾ കിട്ടാതായതോടെ ബംഗ്ലാദേശികൾ അടക്കമുള്ള വ്യാപാരികളും കരിക്ക് കച്ചവടം ഒഴിവാക്കുന്നുണ്ട്. പൊതുവെ ലാഭം കുറഞ്ഞ കച്ചവടമായതിനാൽ പലർക്കും താൽപര്യമില്ലാതായിട്ടുമുണ്ട്. എന്നാലും സലാലയിലെത്തുന്നവരെ ഏറെ ആകർഷിക്കുന്നത് കരിക്കുകളാണ്. സലാലയിൽ കായ്ക്കുന്ന കരിക്കുകൾ കുടിക്കുക എന്നതും ഒരു പ്രത്യേകതയാണ്. എന്നാൽ കരിക്കിന് പകരം മറ്റൊന്നും സന്ദർശകർക്ക് നൽകാനില്ലെന്നും അതിനാൽ എത്ര കഷ്ടപ്പെട്ടാലും കരിക്ക് കച്ചവടം ഒഴിവാക്കാൻ കഴിയില്ലെന്നുമാണ് പങ്കജാക്ഷൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.