പുതിയ മൂന്ന് വിമാനത്താവളങ്ങളുടെ രൂപകൽപനക്ക് ടെൻഡർ ക്ഷണിച്ചു
text_fieldsമസ്കത്ത്: രാജ്യത്ത് പുതുതായി നിർമിക്കുന്ന പുതിയ മൂന്ന് വിമാനത്താവളങ്ങളുടെ രൂപകൽപനക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ടെൻഡർ ക്ഷണിച്ചു. ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ, തെക്കൻ ശർഖിയയിലെ മസീറ ദ്വീപ്, വടക്കൻ ബാത്തിനയിലെ സുഹാർ എന്നിവിടങ്ങളിലെ നിർദിഷ്ട വിമാനത്താവളങ്ങളുടെ സൈറ്റ് സെലക്ഷൻ പഠനം, മാസ്റ്റർപ്ലാൻ, രൂപകൽപന, മേൽനോട്ടം എന്നിവ ഏറ്റെടുക്കുന്നതിനാണ്
ടെൻഡർ വിളിച്ചിട്ടുള്ളത്. പ്രാദേശിക, അന്തർദേശീയ കൺസൾട്ടൻസി സ്ഥാപനങ്ങൾ ലേലം വിളിക്കാൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഏഴാണ്. രാജ്യത്ത് ആറ് പുതിയ വിമാനത്താവളങ്ങൾകൂടി നിർമിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇവയിൽ മിക്കതും 2028-29 ഓടെ പ്രവർത്തനക്ഷമമാകും.
പുതിയ വിമാനത്താവളങ്ങൾ പൂർത്തിയാകുന്നതോടെ സുൽത്താനേറ്റിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 2040 ഓടെ 17 ദശലക്ഷത്തിൽനിന്ന് 50 ദശലക്ഷമായി ഉയരും.
വിമാനത്താവളങ്ങൾക്കായി ബജറ്റിൽ തുക ഇതിനകം വകയിരുത്തിയിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങൾ കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നേടുന്നതിന് സഹായിക്കും. സുഹാർ, സലാല എന്നീ വ്യവസായിക മേഖലകളുമായി ബന്ധിപ്പിച്ച് ലോജിസ്റ്റിക്സ്, ടൂറിസം മേഖലകൾക്ക് ഉത്തേജനം നൽകുകയും ചെയ്യും.
പുതിയ മുസന്ദം വിമാനത്താവളം 2028ന്റെ രണ്ടാം പകുതിയോടെ പൂർത്തിയാക്കുമെന്ന് നേരത്തേ അധികൃതർ അറിയിച്ചിരുന്നു. പദ്ധതിയുടെ എല്ലാ പഠനങ്ങളും പൂർത്തിയാക്കി നിർമാണത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വിമാനത്താവളത്തിൽ റൺവേ, ടാക്സി വേ, ടെർമിനൽ, ബോയിങ് 737, എയർബസ് 320 വലുപ്പമുള്ള വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാൻ അനുയോജ്യമായ സർവിസ്, ഹാംഗർ ഏരിയ എന്നിവ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.