പതിനായിരവും കടന്ന് കോവിഡ് ബാധിതർ
text_fieldsമസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നവരുടെ എണ്ണം 10,503 ആയി ഉയർന്നു. ഒരാൾ കൂടി മരിക്കുകയും ചെയ്തു. 4125 പേരാണ് രാജ്യത്ത് മഹാമാരി പിടിപെട്ട് മരിച്ചത്. 3,18,272 ആളുകൾക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസം 532 ആളുകൾക്ക് രോഗം ഭേദമാകുകയും ചെയ്തു. 95.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,03,644 ആളുകൾക്കാണ് ഇതുവരെ അസുഖം മാറിയത്. 39 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 125 ആയി. ഇതിൽ 12 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അതേസമയം, ആശുപത്രി വാസം കൂടുന്നതും നേരീയ തോതിൽ മരണനിരക്കും ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ആറ് ആളുകളാണ് മരിച്ചിരിക്കുന്നത്. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് മരണം ഇങ്ങനെ നടക്കുന്നത്. കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും മരണം ഇല്ലാത്തത് ആശ്വാസം നൽകുന്ന കാര്യമായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണനിരക്ക്. എന്നാൽ, രണ്ട് ഡോസ് എടുത്തവരിൽ 2.5 ശതമാനം ആളുകൾ മാത്രമാണ് മരിച്ചിട്ടുള്ളത്. വാക്സിൻ സ്വീകരിക്കാത്തവരിലെ രോഗനിരക്കും ഉയർന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലെ വർധന മുന്നിൽകണ്ട് മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 100ൽ അധികം രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാമതൊരു തരംഗത്തിലേക്ക് രാജ്യത്തെ എത്തിക്കാതിരിക്കാനുള്ള ഊർജിതശ്രമങ്ങൾ കോവിഡ് കുതിച്ചുയരുന്ന സമയത്തുതന്നെ സ്വീകരിച്ചിരുന്നു. ബൂസ്റ്റർ ഡോസടക്കമുളള പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ ഗവർണറേറ്റുകളിൽ നടന്നുകൊണ്ടിരിക്കുകയാണ്. ബൂസ്റ്റർ ഡോസുകൾ വ്യാപകമാക്കുന്നതിലൂടെ രോഗ-മരണനിരക്ക് കുറക്കാൻ കഴിയുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ കരുതുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടു.
സൊഹാറിൽ വിദേശികൾക്ക് ബൂസ്റ്റർ ഡോസ്
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറ്റേിൽ വിദേശികൾക്ക് ജനുവരി 23 മുതൽ സൗജന്യ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സുഹാർ വിലായത്തിലെ റീഹാബിലിറ്റേഷൻ സെന്ററിലാണ് വാക്സിൻ വിതരണം. ഫെബ്രുവരി മൂന്നുവരെ ഇവിടെ നിന്നും കുത്തിവെപ്പെടുക്കാം. മൂന്നാം ഡോസായി ഫൈസർ വാക്സിനാണ് നൽകുന്നത്. എന്നാൽ, ആദ്യ രണ്ട് ഡോസ് ആസ്ട്രസെനഗ എടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഇതുതന്നെ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.