ഭീകരവാദമുക്ത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാനും
text_fieldsമസ്കത്ത്: ഭീകരവാദം ഒട്ടും ഭീഷണിയുയർത്താത്ത രാഷ്ട്രങ്ങളുടെ നിരയിൽ ഒമാനും. ഒമാൻ അടക്കം 30 രാഷ്ട്രങ്ങളിൽ കഴിഞ്ഞവർഷം ഭീകരവാദികളുടെ ഭീഷണിയും ആക്രമണങ്ങളും ഒട്ടുംതന്നെ ഉണ്ടായില്ലെന്ന് ആസ്ട്രേലിയ ആസ്ഥാനമായ ഇക്കണോമിക്സ് ആൻഡ് പീസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഭീകരവാദസൂചിക പറയുന്നു.
ഏറ്റവും ഉയർന്ന സുരക്ഷാതലമായ പൂജ്യം ആണ് ഒമാൻ അടക്കം മുപ്പത് രാജ്യങ്ങൾക്ക് ഉള്ളത്. ഇൗ തലത്തിലുള്ള ഏക ജി.സി.സി, അറബ്രാഷ്ട്രവും ഒമാനാണ്. അമേരിക്കയിലെ മേരിലാൻഡ് സർവകലാശാല ലഭ്യമാക്കുന്ന ആഗോള ടെററിസം ഡാറ്റാബേസ് ആധാരമാക്കിയാണ് ഇക്കണോമിക്സ് ആൻഡ് പീസ് ഇൻസ്റ്റിറ്റ്യൂട്ട് സൂചിക തയാറാക്കുന്നത്.
ജി.സി.സി രാഷ്ട്രങ്ങളിൽ ഖത്തർ ആണ് ഒമാന് തൊട്ടുപിന്നിൽ. യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, സൗദി എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ. ആക്രമണങ്ങൾ, മരണം, പരിക്ക്, വസ്തുനാശം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കുന്നത്. ഭീകരാക്രമണങ്ങൾ മൂലം ഒരാളെങ്കിലും മരിച്ച 77 രാഷ്ട്രങ്ങളാണ് ഉള്ളത്. 2014നെ അപേക്ഷിച്ച് 2015ലും 2016ലും ആഗോളതലത്തിൽ ഭീകരത മൂലമുള്ള മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. 2002 മുതൽ 16 വരെ കാലയളവിൽ ലോകത്തിലെ ഒമ്പത് പ്രദേശങ്ങളിൽ എട്ടിലും ഭീകരപ്രവർത്തനങ്ങൾ വർധിച്ചു.
വടക്കൻ അമേരിക്കയിൽ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. ഇറാഖ്, അഫ്ഗാനിസ്താൻ, നൈജീരിയ, സിറിയ, പാകിസ്താൻ എന്നീ രാഷ്ട്രങ്ങളാണ് ഇൗ വർഷം സൂചികയിൽ ആദ്യസ്ഥാനങ്ങളിൽ എത്തിയത്. 2015, 16 കാലയളവിൽ ആഗോളതലത്തിൽ സിവിലിയൻമാർക്കെതിരായ ആക്രമണങ്ങൾ 17 ശതമാനം ഉയർന്നിട്ടുണ്ട്. ഭീകരാക്രമണങ്ങൾ മൂലമുള്ള 59 ശതമാനം മരണങ്ങൾക്കും െഎ.എസ്, ബോക്കോ ഹറം, അൽ ഖാഇദ, താലിബാൻ എന്നിവയാണ് ഉത്തരവാദികൾ. ഇറാഖിൽ 9132 മരണങ്ങൾക്കാണ് െഎ.എസ് ഉത്തരവാദികളായിട്ടുള്ളത്.
ഭീകരവാദത്തിനെതിരെ കടുത്ത നടപടികളാണ് ഒമാൻ സ്വീകരിച്ചുവരുന്നത്. 2002 ൽ ഭീകരവാദത്തിനുള്ള ധനസഹായം തടയാൻ ലക്ഷ്യമിട്ട് ഒമാൻ കള്ളപ്പണനിേരാധനനിയമം പാസാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നവർക്ക് കർശന ശിക്ഷനടപടികളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
ഭീകരവാദവും വംശീയതയുമായി ബന്ധപ്പെട്ട കേസുകളിൽ പത്തുവർഷം വരെ തടവുശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം 2008ൽ പാസാക്കിയ ഒമാൻ 2011ൽ ഭീകരവാദത്തിന് പണമെത്തുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷനിലും ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.