ഭീകരവാദം പ്രത്യേക മതവുമായി ബന്ധപ്പെട്ടതല്ല -ഒമാൻ
text_fieldsമസ്കത്ത്: ഭീകരവാദമെന്നത് ആഗോള പ്രതിഭാസമാണെന്നും അതിനെ പ്രത്യേക മതവുമായോ വിശ്വാസവുമായോ രാജ്യങ്ങളുമായോ ജനങ്ങളുമായോ ബന്ധപ്പെടുത്താൻ കഴിയില്ലെന്നും ഒമാൻ. ഭീകരവാദത്തിനെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ രണ്ടാമത് ഉന്നതതല സമ്മേളനത്തിൽ സംസാരിച്ച ഒമാെൻറ യു.എന്നിലെ സ്ഥിരം പ്രതിനിധി ഡോ.മുഹമ്മദ് അവധ് അൽ ഹസനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ആഗോളതലത്തിലെ തീരാവ്യാധിയാണ് ഭീകരവാദം. മുഴുവൻ രാജ്യങ്ങളുടെയും സുരക്ഷയും ഭദ്രതയും ഇത് തകരാറിലാക്കുന്നു. അതിനാൽ, ലോകരാജ്യങ്ങൾ ഒരുമിച്ച് ഇതിന് പരിഹാരം കണ്ടെത്തണം. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് സമീപനം പാടില്ല. അന്താരാഷ്ട്ര സമൂഹം ഒത്തൊരുമയോടെ ഒരുമിച്ച് ഭീകരവാദത്തിനെതിരെ സംസാരിക്കണമെന്ന് ഡോ.മുഹമ്മദ് അവധ് അൽ ഹസൻ പറഞ്ഞു.
മുൻവിധികളുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളാണ് ഇന്ന് ആഗോള തലത്തിലുണ്ടാകുന്നത്. ഇത് ഇസ്ലാമോഫോബിയക്കും മുസ്ലിംകളോടുള്ള വെറുപ്പിനും മറ്റു മതസ്ഥരോടും വിദേശികളോടുമുള്ള വിദ്വേഷത്തിനും വഴിയൊരുക്കുന്നു. അതിനാൽ, ഇത്തരം മുൻവിധികളിൽനിന്ന് ലോകം തിരിഞ്ഞുനടക്കണം. ഭീകരവാദത്തിെൻറ കളങ്കമേൽക്കാത്തവയാണ് മതങ്ങൾ. ഭീകരവാദികളുടെ തീവ്ര ചിന്താഗതികൾക്ക് മതവുമായി ബന്ധമില്ല. എല്ലാ മതങ്ങളെയും അവയുടെ മൂല്യങ്ങളെയുമെല്ലാം ബഹുമാനിക്കണം. ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ ആരെയും ഉപദ്രവിക്കുന്നതും അപമാനിക്കുന്നതും വെറുക്കുന്നതുമല്ലെന്നും ഡോ.അവധ് പറഞ്ഞു.
ദാരിദ്ര്യവും അടിച്ചമർത്തലുകളും വംശീയതവും വെറുപ്പും വിദേശ അധിനിവേശവുമാണ് തീവ്രവാദത്തിനും ഭീകരവാദത്തിനും കാരണമാകുന്നത്. അതിനാൽ, നീതി ഉറപ്പുവരുത്തലും സാമൂഹിക അവബോധം വർധിപ്പിക്കലുമാണ് ഭീകരവാദത്തിൽ നിന്ന് മോചനം ലഭിക്കാൻ വേണ്ട കാര്യങ്ങൾ. ഇതിന് അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഡോ. മുഹമ്മദ് അവധ് അൽ ഹസൻ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായിരിക്കണം ഭീകരവാദത്തെ നേരിടുന്നതിനായുള്ള കർമപദ്ധതി. അല്ലാത്തപക്ഷം വിജയം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.