ചേർത്തുപിടിച്ചവർക്ക് നന്ദി; കുഞ്ഞു ദർശനും അമ്മയും നാടണഞ്ഞു
text_fieldsദർശൻ റൂവി ബദർ അൽസമയിലെ ജീവനക്കാരോടൊപ്പം
മസ്കത്ത്: റൂവി ബദർ അൽ സമയിലെ 113ാം നമ്പർ മുറിയിൽ ഇനി ദർശന്റെ കളിചിരികളും ഒച്ചപ്പാടുകളുമില്ല. അമ്മയുടെ അസുഖത്തെതുടർന്നാണ് എട്ട് മാസം പ്രായമായ ദർശൻ ബദർ അൽസമയിൽ എത്തുന്നത് . പിന്നീടങ്ങോട്ടുള്ള ഒരു മാസം ആശുപത്രി ജീവനക്കാരുടേയും ഡ്യൂട്ടി നഴ്സുമാരുടേയും പരിചരണത്തിലായിരുന്നു ദർശൻ.
കളിയും ചിരിയുമായി ജോലിക്കിടയിൽ ദർശൻ ആശ്വാസമായിരുന്നുവെന്ന് ബദർ അൽ സമയിലെ ജീവനക്കാരി ജാൻസി പറഞ്ഞു. മതിയായ രേഖകളില്ലാതെ ഒമാനിൽ കഴിയുന്ന കരിശിനി എന്ന ശ്രീലങ്കൻ യുവതി നാട്ടിലേക്കു പോകാൻ ശ്രമങ്ങൾ നടത്തി വരുന്നതിനിടയിലാണ് ഗർഭാശയ സംബന്ധമായ അസുഖ ബാധിതയാവുന്നതും സാമൂഹിക പ്രവർത്തക അജിതയുടെ നേതൃത്വത്തിൽ റൂവി ബദർ അൽസമ ആശുപത്രിയിൽ ചികിത്സക്കെത്തുന്നതും.
വളരെ സങ്കീർണാവസ്ഥയിലുള്ള കരിശിനിക്ക് രക്തം വേണമെന്ന ആവശ്യവുമായാണ് അജിത റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീക്ക് ശ്രീകണ്ഠപുരത്തിനെ സമീപിക്കുന്നത്. 13 കുപ്പി രക്തമാണ് കരിശിനിക്ക് വേണ്ടിവന്നത്. തുടർ ചികിത്സക്ക് നാട്ടിലേക്കു മടങ്ങേണ്ടതിനാൽ പാസ്പോർട്ട്, മറ്റു രേഖകൾ എന്നിവ ഉണ്ടാകേണ്ടത് ആവിശ്യമായിരുന്നു.
തിമിഴ് സൊസൈറ്റിയിൽ സാമൂഹിക സേവനം നടത്തുന്ന അബ്ദുൽ റഷീദ് മുഖേനെ ശ്രീലങ്കൻ എംബസിയുമായി ഇടപെട്ട് കുട്ടിയുടെയും അമ്മയുടെയും യാത്ര രേഖകൾ റെഡിയാക്കാൻ മുൻകൈ എടുക്കുകയും ചെയ്തു.
ശ്രീലങ്കൻ എംബസിയുടെയും ബദർ അൽസമ ആശുപത്രി മാനേജ്മെന്റിന്റെയും സഹകരണം എടുത്തുപറയേണ്ടതാണെന്ന് കെ.എം.സി.സി ഭാരവാഹികളായ നവാസ് ചെങ്കല, മുഹമ്മദ് വാണിമേൽ, അമീർ കാവന്നൂർ തുടങ്ങിയവർ കൂട്ടിച്ചേർത്തു. ഒരുപാട് സമ്മാനപ്പൊതികളുമായി കണ്ണീരോടെയാണ് അമ്മയെയും കുഞ്ഞിനെയും ബദർ അൽസമയിലെ ജീവനക്കാർ യാത്രയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.