ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം; ഒമാൻ അപലപിച്ചു
text_fieldsമസ്കത്ത്: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിൽ ഒമാൻ അപലപിച്ചു. ഇത് അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ തുരങ്കംവെക്കുമെന്നും ഒമാൻ വിശേഷിപ്പിച്ചു.
തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസശ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടാതെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനു പിന്നിൽ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു.
ഖത്തറിൽ താമസിച്ചാണ് ഹനിയ്യ ഹമാസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു. 2006ൽ ഫലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.