അന്തരീക്ഷം തണുപ്പിലേക്ക്; കളിമുറ്റങ്ങൾക്ക് ചൂടുപിടിക്കുന്നു
text_fieldsസുഹാർ: രാജ്യത്ത് ചൂട് കാലാവസ്ഥക്ക് മാറ്റം വന്നു ചെറിയ തണുപ്പിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ടൂർണമെന്റുകൾ സജീവമാക്കി പ്രവാസി കൂട്ടായ്മകളും അസോസിയേഷനും ക്ലബുകളും. നാടെങ്ങും സ്പോർട്സ് മത്സരങ്ങളുടെ സീസൺ തുടങ്ങുന്ന കാലമാണിത്.
ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, ബോക്സ് ക്രിക്കറ്റ്, ഹോക്കി, ടെന്നിസ് തുടങ്ങി വിവിധ കായിക ഇനങ്ങളുടെ ടൂർണമെന്റ് ഓരോ പ്രദേശങ്ങളിലും സ്വദേശികളും വിദേശികളും നടത്താൻ തുടങ്ങിയിട്ടുണ്ട്.സുഹാർ പാർക്കിലെ വോളിബാൾ ഗ്രൗണ്ടിൽ ഒമാൻ വോളിബാൾ അസോസിയേഷന്റെ മത്സരങ്ങൾക്ക് തുടക്കമായി. ഒമാനിലെ മികച്ച ടീമുകൾ വൈകീട്ട് ആരംഭിക്കുന്ന കളിയിൽ ഏറ്റുമുട്ടും. നിരവധി വോളിബാൾ ആരാധകരാണ് വൈകീട്ട് കളികാണാൻ എത്തുന്നത്. പ്രവാസികളും ഇതേ കോർട്ടിൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുക പതിവായിരുന്നു.
ക്രിക്കറ്റിൽ പുതിയ ചരിതം രചിച്ച ബോക്സ് ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം അവസാനം മസ്കത്തിൽ ആരംഭിക്കും. പ്രത്യേക നിയമാവലിയും കളിരീതികളും ബോക്സ് ക്രിക്കറ്റിനെ വേറിട്ടതാക്കുന്നു. ഫുട്ബാൾ മത്സരങ്ങളും സജീവമാണ്. ടർഫ് വാടകക്ക് എടുത്താണ് ഫുട്ബാൾ മാച്ചുകൾ സംഘടിപ്പിക്കുന്നത്. സ്ഥാപനത്തിന്റെയും സംഘടനകളുടെയും നേതൃത്വത്തിലുള്ള മത്സരങ്ങൾ എല്ലാ വർഷവും നടക്കാറുണ്ട്. ഫുട്ബാൾ കമ്പക്കാർ നാട്ടിൽനിന്ന് കളിക്കാരെ ഇറക്കി മത്സരത്തിന് വീറും വാശിയും നിറക്കാറുണ്ട്. കാൽപന്തുകളിയെ പ്രാണനായി കൊണ്ടുനടക്കുന്നവർക്ക് ഇത്തരം ടൂർണമെന്റുകൾ ആവേശമാണ്.
ക്രിക്കറ്റ് തന്നെയാണ് ടൂർണമെന്റിൽ മുന്നിൽ നിൽക്കുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ എന്നിങ്ങനെ ടീമായി നടക്കുന്ന ടൂർണമെന്റുകൾ സജീവമാണ്. മലയാളികളുടെ നേതൃത്വത്തിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഈ മാസവും അടുത്ത മാസവും നിരവധി ടൂർണമെന്റുകൾ നടക്കുന്നുണ്ട്.
നിശ്ചിത തുക പ്രവേശന ഫീസ് വാങ്ങി പങ്കെടുപ്പിക്കുന്ന ടീമുകൾ വിജയിച്ചാൽ കാഷ് മണിയും ട്രോഫിയും നൽകും. വെള്ളിയാഴ്ചകളിലാവും മത്സരങ്ങൾ. കുറഞ്ഞ ഓവറിൽ കളി അവസാനിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. നല്ല കളിക്കാരെ കണ്ടുപിടിച്ചു സ്വന്തം ടീമിൽ കളിപ്പിക്കുന്ന രീതിയും നിലവിലുണ്ട്.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ കമ്പനികളുടെയോ പേരിൽ ടീമുകൾ രൂപവത്കരിച്ച് കളത്തിലിറങ്ങുന്നവരും പ്രവാസലോകത്ത് കണ്ടുവരുന്ന കാഴ്ചയാണ്. കൊയ്ത്തുകഴിഞ്ഞ പാടത്തും പറമ്പിലും മൈതാനത്തും കളിച്ചുവളർന്ന മലയാളികളടക്കമുള്ളവർ പ്രവാസ ലോകത്തും കളിയുടെ ആവേശം കുറയാതെ സൂക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.