വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് ഇന്ത്യൻ ദേശീയത -എസ്. ഇർഷാദ്
text_fieldsസലാല: വൈവിധ്യങ്ങളായ സംസ്കാരങ്ങളുടെയും വിവിധങ്ങളായ മത-ഭാഷ-ദേശ സമൂഹങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയുടെ ദേശീയതതന്നെ വൈവിധ്യമാണെന്നും സ്വാതന്ത്ര്യസമര പോരാളികൾ സ്വപ്നം കണ്ടതും ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയും ഈ വൈവിധ്യങ്ങളാണെന്നും വെൽഫെയർ പാർട്ടി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്. പ്രവാസി വെൽഫെയർ സലാല ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വം അടിച്ചേൽപിക്കുവാനുള്ള ശ്രമങ്ങൾ രാജ്യത്തെ ശിഥിലമാക്കുമെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യതയും നീതിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്ന നല്ല നാളെയുടെ സ്വപ്നങ്ങൾ നെഞ്ചിലേറ്റി വംശീയ-വിദ്വേഷ പ്രചാരണങ്ങളെയും അതിക്രമങ്ങളെയും അതിജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.പ്രവാസി വെൽഫെയർ സലാല പ്രസിഡൻറ് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ച സംഗമത്തിൽ സലാലയിലെ ഇന്ത്യൻ കോൺസുലർ ഏജൻറ് ഡോ. കെ. സനാതനൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
സലാലയിൽ ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ വ്യാപാര പ്രമുഖനും അബൂതഹനൂൻ ഗ്രൂപ് കമ്പനികളുടെ എം.ഡിയുമായ ഒ. അബ്ദുൽ ഗഫൂറിന് പരിപാടിയിൽ ആദരവ് നൽകി. സോഷ്യൽ ക്ലബ് മലയാളം വിഭാഗം കൺവീനർ എ.പി. കരുണൻ ആശംസ പറഞ്ഞു.പ്രവാസി ക്ഷേമനിധി അംഗത്വ കാമ്പയിൻ ഉദ്ഘാടനം കാമ്പയിൻ കോ. കൺവീനർ രവീന്ദ്രൻ നെയ്യാറ്റിൻകരയിൽ നിന്നും അപേക്ഷ സ്വീകരിച്ച് എസ്. ഇർഷാദ് നിർവഹിച്ചു. കെ. ഷൗക്കത്തലിയും അബ്ദുല്ല മുഹമ്മദും ചേർന്ന് എസ്. ഇർഷാദിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സ്വാതന്ത്ര്യദിന പശ്ചാത്തലത്തിൽ ഒരുക്കിയ കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനങ്ങളും പരിപാടിക്ക് മിഴിവേകി. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് സജീബ് ജലാൽ സ്വാഗതവും സെക്രട്ടറി സാജിത ഹഫീസ് നന്ദിയും പറഞ്ഞു. വഹീദ് സമാൻ മുസമ്മിൽ മുഹമ്മദ്, എൻ.പി. സിദ്ദിഖ്, പി.ടി. സബീർ, ഷാജി കമൂന, വി. അയ്യൂബ്, കെ. മുസ്തഫ, ഷജീർ പെരിങ്ങാല, റഷീദ് പാറയിൽ, തസ്രീന ഗഫൂർ, മുംതാസ് റജീബ്, സാബിറ ബാനു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.