മണിമുഴങ്ങി, അക്ഷരമുറ്റത്ത് വീണ്ടും പഠനാരവം
text_fieldsമസ്കത്ത്: മാസ്കിനുള്ളിലൂടെ ആഹ്ലാദ പുഞ്ചിരി കൈമാറി, അകലം പാലിച്ച് പറഞ്ഞത് ഒത്തിരി വിശേഷങ്ങൾ. മൊബൈലിലും കമ്പ്യൂട്ടറിലും കണ്ട മുഖങ്ങൾ നേരിട്ട് വന്നപ്പോൾ പലർക്കും സന്തോഷം അടക്കാനായില്ല...
ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഞായറാഴ്ച തുറന്നപ്പോൾ കണ്ടതാണിത്. മഹാമാരിക്കാലത്തെ 18 മാസത്തിന് ശേഷമാണ് അക്ഷരമുറ്റം വീണ്ടും ആരവങ്ങളിലേക്ക് നീങ്ങിയത്.
വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരുന്നു ക്ലാസുകളിലേക്ക് കടത്തിവിട്ടത്. സാനിറ്റൈസറും വിവിധ ഇടങ്ങളിൽ ഒരുക്കിയിരുന്നു.
10, 12 ക്ലാസുകളാണ് പല സ്കൂളുകളിലും പുനരാരംഭിച്ചത്. മറ്റ് ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്സിനടക്കമുള്ള നടപടികൾ അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്. ഒരു മുറിയിൽ 20 വിദ്യാർഥികളായാണ് ക്ലാസുകൾ സജ്ജീകരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ സ്കൂളുകളിൽ പ്രത്യേക മുറികളുണ്ട്.
ഒമാൻ സർക്കാർ നിർദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.
ഷഹീൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിതച്ചതിനാൽ മുലദ്ദ ഇന്ത്യൻ സ്കൂൾ ഒരാഴ്ചക്ക് ശേഷമായിരിക്കും തുറക്കുക. സലാല ഇന്ത്യൻ സ്കൂൾ കഴിഞ്ഞ ആഴ്ച തുറന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ തുറക്കേണ്ടത്. ഷഹീൻ ഭീഷണിയെ തുടർന്ന് ഒരാഴ്ച നീട്ടിവെക്കുകയായിരുന്നു.
ഒാൺലൈൻ ക്ലാസുകൾ മടുപ്പുള്ളവാക്കിയെന്നും ക്ലാസുകൾ പുനരാരംഭിച്ചതിൽ സന്തോഷമുണ്ടെന്നും പലരും പറഞ്ഞു. രണ്ടു മൂന്ന് മാസത്തിനുള്ളിൽ ക്ലാസുകൾ തുറക്കാൻ കഴിയുമെന്നായിരുന്നു പലരും വിചാരിച്ചത്. നീണ്ടുപോയത് സങ്കടത്തിലാക്കി. ഒാൺലൈൻ ക്ലാസുകൾ കൃത്യമായി നടന്നിരുന്നെങ്കിലും നേരിട്ട് പഠിക്കുക േവറിട്ട അനുഭവമാണെന്നും വിദ്യാർഥികൾ പറഞ്ഞു. 10, 12 ക്ലാസുകളിൽ ഏതാനും ദിവസത്തെ ക്ലാസുകൾ മാത്രമാണ് ബാക്കി.
പല സ്കൂളുകളിലും അടുത്ത് റിവിഷൻ ക്ലാസുകളും അതിന് ശേഷം സ്റ്റഡീ ലീവും ആരംഭിക്കും.
12ാം ക്ലാസ് വിദ്യാർഥികളിൽ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിന് ഒമാൻ വിടുന്നവരാണ്. കഴിഞ്ഞവർഷം 12 ാം ക്ലാസ് കുട്ടികൾക്ക് പരസ്പരം കാണാൻപോലും കഴിയാതെ പിരിയേണ്ടിവന്നു. കഴിഞ്ഞവർഷം നേരിട്ടുള്ള യാത്രയയപ്പ് ചടങ്ങ് നടന്നില്ല. ഇൗ വർഷം പത്താംക്ലാസ് പൂർത്തിയാക്കുന്ന നിരവധി പേരും ഒമാൻ വിടുന്നവരാണ്.
ഇത്തരക്കാർക്കും വരും നാളുകൾ പ്രധാനമാണ്. സ്കൂൾ തുറന്നതിൽ വലിയ വിഭാഗം വീട്ടമ്മമാർക്കും സന്തോഷമാണ്. ഒാൺലൈൻ ക്ലാസിന്റെ പേരിൽ കുട്ടികൾ മൊബൈൽ ഫോൺ അടിമകളായി മാറുമോ എന്ന ഭീതിയും ചില രക്ഷിതാക്കൾക്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.