ഓർമകളിലേക്ക് ബെൽ മുഴക്കി കാൾ ബൂത്തുകൾ
text_fieldsസീബ്: ഒരു കാലത്ത് പ്രവാസികളെ ഫോൺ വിളികളിലൂടെ നാടുമായി കോർത്തിണക്കിയിരുന്ന കാർഡ് ബൂത്തുകൾ ഓർമയാകുന്നു. ഒമാന്റെ തെരുവോരങ്ങളിലും സൂഖുകളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ബൂത്തുകളായിരുന്നു നാട്ടിൽ വിളിക്കാൻ ഉപയോഗിച്ചിരുന്നത്.
നാണയത്തുട്ടുകൾ നിക്ഷേപിച്ചു വിളിച്ചിരുന്ന കോയിൻ ബൂത്തുകളായിരുന്നു ആദ്യം. പിന്നീട് ഫോൺ കാർഡ് വന്നതോടെ ചിപ്പ് കാർഡ് ബൂത്തുകൾ സജീവമായി. കാർഡ് ഇട്ടു നാട്ടിലെ നമ്പർ ഡയൽ ചെയ്താൽ സംസാരിക്കാം. സംസാരത്തിന്റെ ദൈർഘ്യമനുസരിച്ചു കാർഡിലെ കാശ് തീരും. മൊബൈലിന്റെ വരവിന് മുമ്പ് പ്രവാസികളുടെ ആശ്രയമായിരുന്നു ഇതുപോലുള്ള ബൂത്തുകൾ. ഒഴിവു ദിവസങ്ങളിൽ ബൂത്തിനു മുമ്പിൽ ഊഴം കാത്തു നിന്ന് വേണം സംസാരിക്കാൻ.
നീണ്ട വരി ഉണ്ടാവും. ഫോൺ ഇല്ലാത്ത വീട് ആണെങ്കിൽ അടുത്ത വീടുകളിൽ ആദ്യം വിളിച്ചു പറയണം. അങ്ങനെ പറഞ്ഞു വീണ്ടും ക്യൂവിന്റെ പുറകിൽ പോയി നിൽക്കണം. അടുത്ത വിളിക്കായി ഇന്ത്യക്കാരനും പാകിസ്താനിയും ബംഗ്ലാദേശിയും അടക്കം എല്ലാ രാജ്യക്കാരും വരിയിൽ ഉണ്ടാവും. പരിഭവവും പ്രയാസവും സങ്കടവും സന്തോഷവും പങ്കിട്ടു അടുത്ത ആഴ്ചയുടെ വിളിവരെ സമാധാനത്തോടെ സ്വന്തം മുറിയിലേക്ക് മടക്കം. ഇന്നും പഴയ പ്രവാസികൾ കാൾ ബൂത്ത് കാണുമ്പോൾ ഓർമകളിൽ ഒരുനിമിഷം നിൽക്കും. സീബ് സൂഖിലെ അവസാന കാർഡ് ബൂത്തും ടെലികോം കമ്പനി എടുത്തു മാറ്റി. ഇതോടെ ഒരുകാലത്തിന്റെ ഓർമകൾ കൂടിയാണ് ഇല്ലാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.