കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചു
text_fieldsബുറൈമി: ബുറൈമിക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ജെ.പി ഇനി ദീപ്തമായ ഓർമ. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച കൊല്ലം സ്വദേശി ഡോ: ജയപ്രകാശ് കുട്ടെൻറ മൃതദേഹം തിങ്കളാഴ്ച സുഹാറിൽ സംസ്കരിച്ചു.
ബുറൈമി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ രണ്ടിനാണ് ഡോ. ജയപ്രകാശ് മരണപ്പെടുന്നത്. അവധിക്ക് നാട്ടിൽ പോയി ഒന്നരമാസം മുമ്പാണ് ഒമാനിൽ തിരിച്ചെത്തുന്നത്. മരണപ്പെടുന്നതിന് പത്തു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.
റൂവി എൻ.എം.സി ആശുപത്രിയിൽ നിന്ന് ഏഴ് മാസം മുമ്പാണ് ഡോക്ടർ ബുറൈമിയിലെ ക്ലിനിക്കിലേക്ക് വന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബുറൈമിയിലെ ജനകീയ ഡോക്ടർ എന്ന സ്ഥാനം അദ്ദേഹം നേടി. എല്ലാ വിഭാഗം ആളുകളോടും വളരെ സ്നേഹത്തോടെ സമീപിച്ചിരുന്ന 'ജെ. പി' യുടെ മരണവാർത്ത വളരെ വേദനയോടെയാണ് ബുറൈമിയിലെ മലയാളികൾ ഉൾക്കൊണ്ടത്. ചികിത്സയിൽ കഴിയുമ്പോഴും മരണവാർത്ത അറിഞ്ഞ ശേഷവും ഒട്ടനവധി ഡോക്ടർമാരും നഴ്സുമാരും സുഹൃത്തുക്കളും ഒമാെൻറ വിവിധ ഭാഗങ്ങളിൽ നിന്നും ബുറൈമിയിൽ എത്തിയിരുന്നു. എന്നാൽ, കോവിഡ് പ്രോട്ടോക്കോൾ നില നിൽക്കുന്നതിനാൽ ആർക്കും കാണാൻ സാധിച്ചില്ല.
ബുറൈമി ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം ആംബുലൻസിൽ കയറ്റുന്നതിനു മുമ്പ് നടന്ന ചടങ്ങിൽ കൈരളി ബുറൈമി, മൈക്ക് മീഡിയ, ബുറൈമി പ്രവാസി ഗ്രൂപ്, ആലപ്പുഴ മെഡിക്കൽ കോളജ് ക്ലാസ്മേറ്റ്സ് തുടങ്ങിയ സംഘടനകൾക്ക് വേണ്ടി പ്രവർത്തകർ പുഷ്പചക്രം സമർപ്പിച്ചു. നവാസ് മൂസ, വിശ്വനാഥൻ, മണി തിരൂർ, നാസർ, ഷാജു കൊരട്ടി, നഹാസ് മുക്കം, രാജേഷ്, മുനീർ രണ്ടത്താണി, അഫ്സൽ ത്വയ്യിബ, ഡോ. ജോർജ്, ഇസ്മായിൽ പെരിന്തൽമണ്ണ, കരീം തുടങ്ങിവർ സന്നിഹിതരായി.
സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഡോ. ജയപ്രകാശ് താമസിക്കുന്നത് തിരുവനന്തപുരത്താണ്. ഭാര്യ സബിത. മക്കൾ ജയകൃഷ്ണൻ ( വിദ്യാർഥി, കാനഡ ) , ജഗത് കൃഷ്ണൻ ( സ്കൂൾ വിദ്യാർഥി, തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.