ദോഫാറിന്റെ ജൈവ വൈവിധ്യങ്ങളുമായി പുസ്തകമൊരുങ്ങി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ പ്രകൃതിഭംഗിയെയും ജൈവ വൈവിധ്യങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന പുസ്തകം പുറത്തിറങ്ങി. 'ദോഫാർ: മൺസൂൺ മൗണ്ടൻസ് ടു സാൻഡ് സീസ്, സുൽത്താനേറ്റ് ഓഫ് ഒമാൻ' എന്ന പുസ്തകം മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോ. ആൻഡ്രൂ സ്പാൽട്ടണും ഡോ. ഹാദി മുസ്സലാം അൽ ഹിക്മാനിയുമാണ് രചയിതാക്കൾ. ആമുഖത്തിന് പുറമെ എട്ട് അധ്യായങ്ങളാണുള്ളത്.
ഗവർണറേറ്റിലെ തെക്കുഭാഗത്തെ ഫലഭൂയിഷ്ഠമായ ഹരിതപർവതങ്ങൾ, എംപ്റ്റി ക്വാർട്ടർ മരുഭൂമി, വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ, കാലാവസ്ഥ, ജലസ്രോതസ്സുകൾ, ഗവർണറേറ്റിലെ ജനങ്ങളുടെ പരമ്പരാഗത ഉപജീവനമാർഗങ്ങൾ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് വിവിധ അധ്യായങ്ങളിലുള്ളത്.
പുരാതന കാലം മുതൽ കുന്തിരിക്കത്തിന്റെ നാട് എന്നാണ് ദോഫാർ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് ഖരീഫ് സീസണിന്റെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നതെന്ന് വന്യജീവി വിദഗ്ധനും ദിവാൻ ഓഫ് റോയൽ കോർട്ടിലെ മുൻ പരിസ്ഥിതി കാര്യ ഉപദേഷ്ടാവുമായ സ്പാൽട്ടൺ പറഞ്ഞു. ദോഫാറിന് 13,000 വർഷത്തോളം പഴക്കമുള്ള ചരിത്രമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംവരെ അവിടെയുള്ള ജനങ്ങൾ കരയെയും കടലിനെയും ആശ്രയിച്ചായിരുന്നു ഉപജീവനം നടത്തിയിരുന്നത്.
മിക്ക ജനങ്ങളുടെയും പ്രധാന പ്രവർത്തനമായിരുന്നു കന്നുകാലി മേക്കൽ. തീരദേശത്തുള്ള ആളുകൾ മത്സ്യബന്ധനത്തെയും ആശ്രയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവർണറേറ്റിലെ പാരിസ്ഥിതിക വൈവിധ്യത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളാണ് പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.