സി.ബി.എസ്.ഇ ബോർഡ് പരീക്ഷ മാർച്ചിൽ തന്നെ നടന്നേക്കും
text_fieldsമസ്കത്ത്: സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകൾ ഫെബ്രുവരി, മാർച്ച് മാസത്തിൽ തന്നെ നടക്കാൻ സാധ്യത. ഇൗ രണ്ടു പൊതുപരീക്ഷകളും മാറ്റിവെക്കാനോ ഒാൺലൈനായി നടത്താനോ സാധ്യതയില്ലെന്നും അറിയുന്നു. ഇതുസംബന്ധമായ ഒൗദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാവാനാണ് സാധ്യത. ഇൗ രണ്ടു പരീക്ഷകളും ഒാഫ് ലൈനായാണ് നടക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാൽ, പരീക്ഷകൾക്കിടയിൽ കഴിഞ്ഞവർഷത്തെ പരീക്ഷയെക്കാൾ കൂടുതൽ സമയ ദൈർഘ്യം ലഭിക്കാൻ സാധ്യതയുണ്ട്. കോവിഡ് 19െൻറ ഭാഗമായ ലോക്ഡൗൺ കാരണം കുട്ടികൾക്ക് ക്ലാസ് നഷ്ടം ഉണ്ടായത് പരിഗണിച്ചാണ് പരീക്ഷകൾക്കിടയിൽ കൂടുതൽ സമയം നൽകുന്നത്. കുട്ടികൾക്ക് പഠിക്കാനും പരീക്ഷക്കൊരുങ്ങാനും കൂടുതൽ സമയം ലഭിക്കാൻ ഇത് സഹായകമാവും.
അതോടൊപ്പം, വരാനിരിക്കുന്ന ബോർഡ് പരീക്ഷകളുടെ സാമ്പിൾ ചോദ്യ പേപ്പറുകൾ സി.ബി.എസ്.ഇ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ പരീക്ഷകൾക്കും ഒബ്ജക്ടിവ് രീതിയിലുള്ള ചോദ്യങ്ങൾ ഇൗ വർഷം കൂടുതലായിരിക്കും. 12ാം തരം ഇംഗ്ലീഷിന് 50 ശതമാനത്തോളം ചോദ്യങ്ങളും ഒബ്ജക്ടിവ് രൂപത്തിലുള്ളതായിരിക്കും. മറ്റ് വിഷയങ്ങൾക്ക് സമാനരീതിയിൽ കൂടുതൽ ചോദ്യങ്ങളുണ്ടാവും. സ്കൂളുകൾ വഴി പുതിയ രീതിയിലുള്ള ചോദ്യപേപ്പറിെൻറ മാതൃക കുട്ടികൾക്ക് എത്തുന്നുണ്ട്. അതിനിടെ, ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഒാഫ്ലൈനായി തന്നെ പരീക്ഷ നടത്താൻ സജ്ജമായി കഴിഞ്ഞു.
സി.ബി.എസ്.ഇ പരീക്ഷാ തീയതി പ്രഖ്യാപിക്കുകയാണെങ്കിൽ ഒാഫ്ലൈനായി പരീക്ഷ നടത്താൻ ഇന്ത്യൻ സ്കൂളുകൾക്ക് പ്രയാസമൊന്നും നേരിടേണ്ടിവരില്ല. ആരോഗ്യമന്ത്രാലയത്തിെൻറ മാനദണ്ഡങ്ങൾ പാലിച്ച് തന്നെ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പരീക്ഷ നടത്താൻ കഴിയും. പത്ത്, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ നവംബറോടെ തന്നെ പഠിപ്പിച്ച് പൂർത്തിയാക്കിയിട്ടുണ്ട്്. ഇപ്പോൾ പല സ്കൂളുകളിലും പ്രാക്റ്റിക്കൽ പരീക്ഷ നടക്കുകയാണ്. പ്രാക്റ്റിക്കൽ പരീക്ഷകൾ ഒാൺലൈനായി നടത്താൻ സി.ബി.എസ്.ഇ അനുവാദം നൽകുന്നതിനാൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ഒാൺലൈനായാണ് പരീക്ഷ നടക്കുന്നത്.
ജനുവരിയോടെ ഒമാനിെല ഇന്ത്യൻ സ്കൂളുകളിൽ മോഡൽ പരീക്ഷകൾ ആരംഭിക്കും. പൊതുപരീക്ഷയുടെ അതേരീതിയിൽ തന്നെയാണ് േമാഡൽ പരീക്ഷകൾ നടത്തുക. ഇതിനായി ഇന്ത്യൻ സ്കൂളുകളിൽ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഒമാൻ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിച്ചാണ് മോഡൽ പരീക്ഷ സംവിധാനങ്ങൾ ഒരുങ്ങുക. ഒാരോ ക്ലാസിലും 12 കുട്ടികളെ മാത്രമാണ് പരീക്ഷക്ക് ഇരുത്താൻ അനുവദിക്കുക. മാസ്ക് നിർബന്ധമായിരിക്കും. സാനിറ്റൈസർ ക്ലാസുകളിൽ സ്ഥാപിക്കും. സ്കൂൾ പ്രവേശന കവാടത്തിൽ ശരീര ഉൗഷ്മാവ് പരിശോധിക്കാനുള്ള സൗകര്യമൊരുക്കും. കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ എഴുതാൻ പര്യാപ്തമാക്കുന്നതാണ് ജനുവരി മുതൽ നടക്കുന്ന മോഡൽ പരീക്ഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.