സുഹാർ ഫെസ്റ്റിവലിൽ തിളങ്ങി നഗരം
text_fieldsസുഹാർ: വടക്കൻ ബാത്തിന മേഖലയിൽ ആരംഭിച്ച രണ്ടാമത് സോഹാർ ഫെസ്റ്റിന് ആവേശകരമായ ജന പങ്കാളിത്തം.
അവധി ദിനങ്ങളിൽ നൂറുകണക്കിനു പേരാണ് മുഖ്യ വേദിയായ സനായ റോഡിലെ എന്റർടൈൻമെന്റ് പാർക്കിലേക്ക് ഒഴുകിയെത്തിയത്
ആകർഷകമായ മുഖ്യ കവാടം കടന്നു ചെന്നാൽ ഉത്സവച്ഛായയിൽ ഒരുക്കിയ നഗരിയിൽ എത്താം. കല, സാംസ്കാരിക, പൈതൃക, കായിക സാമ്പത്തിക പരിപാടികൾക്കുള്ള ഇടം ഒരുക്കിയ സെന്ററിൽ കൊട്ടും പാട്ടും കളിയുംകൊണ്ട് ആവേശം വിതറുന്ന കാഴ്ചകൾ കാണികളിൽ അത്ഭുതം തീർക്കുന്നു. കൂറ്റൻ സ്ക്രീനിൽ മുൻപത്തെ സുഹാർ ഫെസ്റ്റിൽ ഖത്തറിൽ നടന്ന വേൾഡ് കപ്പ് ഫുട്ബാൾ മത്സരം കാണിച്ചിരുന്നു.
ഫെസ്റ്റിന്റെ രണ്ടാം സീസണിൽ എഷ്യ കപ്പ് ഫുട്ബാൾ മത്സരം കാണിക്കാൻ മൂന്നു സ്ക്രീനുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളും ഗാലറിയിൽ അധിക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. വലിയ വേദികളിൽ ദിനവും നിരവധി കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. നഗരിയിൽ ഒരുക്കിയ സർക്കസ് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. പോർച്ചുഗൽ സർക്കസ് കമ്പനിയുടെ സർക്കസ് കലാകാരന്മാരായിരിക്കും അവതരിപ്പിക്കുക.
സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 160ലധികം ഉത്പാദനക്ഷമതയുള്ള കുടുംബങ്ങളും 24 കരകൗശല വിദഗ്ധരും ഫെസ്റ്റിവലിലുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾ ഈ വർഷമെത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. വിനോദത്തിനും വാണിജ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമപ്പുറം സാംസ്കാരികം, പൈതൃകം, കായികം എന്നീ മേഖലകളിലെ പുതിയ പ്രവർത്തനങ്ങളും ഫെസ്റ്റിവലിലുണ്ട്. സെമിനാറുകൾ, പ്രഭാഷണങ്ങൾ, പരിശീലന, വിദ്യാഭ്യാസ സെമിനാറുകൾ, പുസ്തകങ്ങളുടെയും ശേഖരണങ്ങളുടെയും പ്രദർശനങ്ങൾ, കവിത സമ്മേളനങ്ങൾ എന്നിവയും നടക്കും.
പരമ്പരാഗത കരകൗശലവസ്തുക്കൾ, പൈതൃക ചുറ്റുപാടുകൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, പരമ്പരാഗത വിപണി എന്നിവ പരിചയപ്പെടുത്തുക, ഉത്പാദനക്ഷമതയുള്ള കുടുംബങ്ങളുടെയും ഗ്രാമീണ സ്ത്രീകളുടെയും ഉത്പന്നങ്ങൾ വിൽക്കാൻ സമർപ്പിതമായ നിരവധി പ്ലാറ്റ്ഫോമുകൾ അനുവദിക്കുക എന്നിവയും പരിപാടിയിലൂടെ ലക്ഷ്യമിടുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.