ഉറ്റവരെ ബന്ധപ്പെടാനായില്ല; സങ്കടക്കയത്തിൽ തുർക്കിയ പ്രവാസികൾ
text_fieldsമസ്കത്ത്: ഭൂകമ്പം ചുഴറ്റിയെറിഞ്ഞ പ്രദേശങ്ങളിലെ ഉറ്റവരെയും ബന്ധുക്കളെയും ബന്ധപ്പെടാൻ കഴിയാത്തതിനാൽ സങ്കടക്കയത്തിൽ കഴിയുകയാണ് ഒമാനിലെ തുർക്കിയ പ്രവാസികൾ. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നടിഞ്ഞതിനാൽ ഇതുവരെയായിട്ട് ഇവരിൽ പലർക്കും കുടുംബങ്ങളുടെ വിവരങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും സാധാരണജീവിതം തിരിച്ചുപിടിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് സന്നദ്ധപ്രവർത്തകർ പറയുന്നത്.
ഭൂകമ്പത്തിൽ തന്റെ ഏഴ് ബന്ധുക്കളെ നഷ്ടപ്പെട്ടതായി റസ്റ്റാറന്റിൽ ജോലിചെയ്യുന്ന തുർക്കിയ നിവാസിയായ മുഹമ്മദ് അൽതാഫ് പറഞ്ഞു. ‘‘ഇതുവരെ എന്റെ സഹോദരനെയും കുടുംബത്തെയും കുറിച്ച് ഒന്നും അറിയില്ല. അവർ അന്തക്യയിലെ വിദൂരഗ്രാമത്തിലാണ് താമസിക്കുന്നത്. ഇന്റർനെറ്റ് തകരാറായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അവർ സുരക്ഷിതരായിരിക്കാൻ ദൈവത്തോട് പ്രാർഥിക്കുകയാണെന്ന്’ കണ്ണീരണിഞ്ഞ് അൽതാഫ് പറഞ്ഞു. സമാനമായ കഥയാണ് സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന മൗനീർ അസ്ദുവിനും പറയാനുള്ളത് “ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും കുടുംബത്തെക്കുറിച്ച് ഒന്നും അറിയില്ല. സങ്കൽപിക്കാൻപോലും കഴിയാത്ത അളവിലുള്ള ഭൂകമ്പമായിരുന്നു നടന്നത്. മുഴുവൻ ഗ്രാമങ്ങളും തകർന്നു’ -മൗനീർ അസ്ദു പറഞ്ഞു.
ഏറ്റവും കൂടുതൽ ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിലൊന്നായ ഹതായിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പെരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത തുർക്കിയ പൗരൻ പറഞ്ഞു. മഞ്ഞും മഴയും ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. എന്റെ ചില സുഹൃത്തുക്കളെ കുറിച്ച് ഇതുവരെ ഒരുവിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ടർക്കിഷ് റസ്റ്റാറന്റ് ജീവനക്കാരനായ മുഹമ്മദ് അൽതാഫ് തന്റെ കുടുംബവീടിന്റെ ദുരവസ്ഥ വിവരിക്കുമ്പോൾ കണ്ണീരിൽ കുതിർന്നു.
ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഭൂകമ്പസമയത്ത് തെക്കൻ തുർക്കിയയിലെ അന്റാക്യയിലെ അഞ്ചുനില കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു. ശക്തമായ കുലുക്കത്തെ തുടർന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
ഭാഗികമായി തകർന്ന അപ്പാർട്ട്മെന്റ കൂപ്പുകുത്തുമെന്ന് ഭയന്ന് അവർ കൊടുംതണുപ്പിലും മഞ്ഞുവീഴ്ചയിലും പുറത്താണ് താമസിച്ചത്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പത്തിൽ കെട്ടിടം മുഴുവൻ തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടത് കമ്പിളിവസ്ത്രങ്ങൾ, മരുന്നുകൾ...
മസ്കത്ത്: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മസ്കത്തിലെ തുർക്കിയ എംബസി നടത്തുന്ന എയ്ഡ്-ഇൻ-കൈൻഡ് കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ഭക്ഷ്യവസ്തുക്കളുമായി എംബസിയിലേക്ക് എത്തുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഓരോ മേഖലകളിൽനിന്നും വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നുണ്ട്. അതേസമയം, ഭക്ഷണത്തേക്കാൾ മരുന്നുകൾ, കമ്പിളി വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കുട്ടികൾക്കുള്ള വസ്തുക്കൾ എന്നിവയാണ് ആവശ്യമുള്ളത്. സാമ്പത്തികസഹായങ്ങൾ എംബസിയിൽ നേരിട്ട് ഏൽപിക്കാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.