തണുപ്പ് വർധിച്ചു; തെക്കൻ ബാത്തിനയിൽ സജീവമായി ക്യാമ്പുകൾ
text_fieldsമസ്കത്ത്: താപനിലയിൽ പ്രകടമായ മാറ്റംവന്ന് തണുപ്പ് വർധിച്ചതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ ശൈത്യകാല ക്യാമ്പുകൾ സജീവമായി. വിവിധ വിലായത്തുകളിലായി 220 ക്യാമ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വകുപ്പ് അറിയിച്ചു. ഒക്ടോബർ മുതൽ മാർച്ച് വരെ നീളുന്ന സീസണിലാണ് വിവിധ വിലായത്തുകളിലായി ഇത്തരം ടെന്റുകൾ ഗവർണറേറ്റിൽ ഉയരുന്നത്. ബർകയിൽ 150, നഖലിൽ 54, മുസന്നയിൽ 10, റുസ്താഖിൽ ആറ് ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
ഈ ക്യാമ്പുകൾ സന്ദർശകർക്ക് ഗവർണറേറ്റിന്റെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും സാംസ്കാരിക പൈതൃകവും അനുഭവിക്കാൻ അവസരമൊരുക്കുന്നു. ഇതാണ് പൗരന്മാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ഇവിടേക്ക് ആകർഷിക്കുന്നത്.
വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ശൈത്യകാല ക്യാമ്പുകൾക്ക് വളരെയധികം പ്രധാന്യം ഉണ്ടെന്ന് ബർക്കയിലെ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹിലാൽ ബിൻ അഹമ്മദ് അൽ-ഫാലിത്തി പറഞ്ഞു. ക്യാമ്പ് നടത്തിപ്പുകാർക്ക് ശുചിത്വം പാലിക്കൽ, നിയുക്ത പ്രദേശങ്ങൾ, സുരക്ഷയും കുറഞ്ഞ പാരിസ്ഥിതിക ആഘാതവും ഉറപ്പാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും നൽകിയിട്ടുണ്ടെന്ന് ഫാലിത്തി പറഞ്ഞു. ശൈത്യകാല സീസൺ കാര്യമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണെന്ന് ശീതകാല ക്യാമ്പ് ഉടമയായ യുസ്ര ബിൻത് യാസർ അൽ മമാരി വ്യക്തമാക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പരിമിതമായ വരുമാനമുള്ള ആളുകൾക്കും ശൈത്യകാലത്ത് ക്യാമ്പുകൾ ഒരു പ്രധാന സാമ്പത്തിക സ്രോതസ്സാണ്.
കൂടാതെ തെക്കൻ ബാത്തിനയിലെ വിലായത്തുകളിലെ വിനോദസഞ്ചാര, പുരാവസ്തു സൈറ്റുകൾ പര്യവേക്ഷണം ചെയ്യാൻ നിരവധി സന്ദർശകർക്ക് അവസരമൊരുക്കുന്ന ഒരു പുതിയ അനുഭവം കൂടിയാണിതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.