രാജ്യത്തെ ആദ്യ ബസ് ഫാക്ടറി ദുകമിൽ തുറന്നു
text_fieldsമസ്കത്ത്: രാജ്യത്തെ ആദ്യ ബസ് ഫാക്ടറി കർവ മോട്ടോഴ്സ് ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ തുറന്നു. 5,68,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫാക്ടറി. ഇവിടെ സിറ്റി, സ്കൂൾ, ഇന്റർസിറ്റി ബസുകൾ അടക്കമുള്ളവ നിർമിക്കാൻ കഴിയും. പ്രതിവർഷം 700 ബസുകൾ നിർമിക്കാം. ഒമാനും ഖത്തറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഫാക്ടറിയെന്ന് കർവ മോട്ടോഴ്സ് ചെയർമാൻ ഡോ. സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി പറഞ്ഞു.
ഖത്തറിലെ പൊതു മേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമാണ് ബസ് നിർമാണ മേഖലയിൽ നിക്ഷേപമിറക്കിയത്. ഖത്തർ കമ്പനി പദ്ധതിയുടെ 70ഉം ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി 30 ശതമാനവുമാണ് വഹിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഫാക്ടറിയിൽ ഉപയോഗിക്കുന്നത്. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാനുള്ള വിശാല വെയർഹൗസുകൾ, കട്ടിങ്ങിനും വെൽഡിങ്ങിനും പെയിന്റിങ്ങിനുമുള്ള പ്രത്യേക വർക്ക്ഷോപ്പുകൾ, യന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും ഉപകരണങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ തുടങ്ങിയവയാണ് ഫാക്ടറിയിലുള്ളത്. ഫിഫ ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ക്ക് യാത്ര ചെയ്യാനും കര്‍വ മോട്ടോഴ്സിന്റെ ഒമാന്‍ നിര്‍മിത സലാം ബസുകള്‍ ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.